അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിട്ടും ഒരു സിനിമയാണ് ലഭിച്ചത്! പാര്‍വതിയുടെ വെളിപ്പടുത്തല്‍!
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നവരെ എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നില്ല. അഹങ്കാരി, ധിക്കാരി തുടങ്ങിയ വിളിപ്പേരുകളിലായിരിക്കും ഇവരെ വിശേഷിപ്പിക്കുന്നത്. മറ്റേതൊരു മേഖലയേയും പോലെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അത്ര നല്ല അവസ്ഥയിലൂടെയല്ല കടന്നുപോവുന്നത്. മീ ടൂ തുറന്നുപറച്ചിലുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. അടുത്തിടെയാണ് മീ ടൂ മലയാളത്തിലേക്ക് എത്തിയത്. സിനിമലോകത്തെ പുരുഷാധിപത്യത്തെക്കുറിച്ചും താരങ്ങളുടെ സമീപനങ്ങളെക്കുറിച്ചുമൊക്കെ വനിതാ താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. വനിതാ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് സിനിമയിലെ വനിതാ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് അഥവാ ഡബ്ലുസിസി രൂപീകരിച്ചത്. കുറ്റാരോപിതനായ ദിലീപിനെയും നടിയേയും ഒരുപോലെ കാണുന്ന നിലപാടില്‍ അതൃപ്തി അറിയിച്ച് താരങ്ങളും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ദിലീപ് വിഷയത്തിലെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരുടെ നേതൃത്വത്തില്‍ താരസംഘടനയായ എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. മൂന്ന് തവണയായി കത്ത് നല്‍കിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവത്തിനെത്തുടര്‍ന്ന് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതിന് ശേഷം അത്ര നല്ല അനുഭവങ്ങളല്ല തനിക്കുണ്ടായതെന്ന് പാര്‍വതി പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

നിലപാടില്‍ മാറ്റമില്ല
അമ്മയുടെ നിലപാടുമുള്ള വിയോജിപ്പും തങ്ങള്‍ സ്വീകരിച്ച നിലപാടും തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് പാര്‍വതി പറയുന്നു. സിനിമാലോകം ഒന്നടങ്കം ഇപ്പോള്‍ ഇതിന്റെ പുറകെയാണ്. ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും നിലപാടില്‍ മാറ്റമില്ലെന്ന് ഇവര്‍ പറയുന്നു. നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമാലോകത്ത് അരങ്ങേറുന്ന മോശം സംഭവങ്ങളെക്കുറിച്ചും വനിതകളുടെ കാര്യത്തില്‍ സംഗടന സ്വീകരിച്ച നിലപാടിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു. അന്നത്തെ അതേ നിലപാടില്‍ തന്നെയാണ് താന്‍ ഇപ്പോഴുമെന്ന് ഇവര്‍ പറയുന്നു.

അവസരങ്ങള്‍ നിഷേധിക്കുന്നു
മീ ടൂവിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്ക് പോലും സുരക്ഷയും അവസരങ്ങളും നല്‍കുകയാണ് ബോളിവുഡും ഹോളിവുഡുമൊക്കെ. എന്നാല്‍ മലയാളത്തിന്റ കാര്യത്തില്‍ അതല്ല. തുറന്നുപറച്ചിലുകളുമായെത്തുന്നവര്‍ക്കും അക്രമത്തിനെതിരെ പ്രതികരിക്കുന്നവരുടേയും അവസരങ്ങള്‍ കളയുകയാണ് ചെയ്യുന്നത്. അവസരം നിഷേധിക്കില്ലെന്ന് പരസ്യമായി പറയുന്നതിനിടയിലും തങ്ങളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു.

സംസാരിക്കുന്നതിന് പോലും വിലക്ക്
ബോളിവുഡിലെ അവസ്ഥ കാണുമ്പോള്‍ അസൂയ തോന്നുന്നു. അനുഭവങ്ങള്‍ തുറന്ന് പറയുന്നവരെ സ്വാഗതം ചെയ്യുകയാണ് അവര്‍. അവരിലൊരാള്‍ക്ക് പോലും തങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല. ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഡബ്ലുസിസി അംഗങ്ങളായ തങ്ങളുടെ അവസ്ഥ അത് പോലയല്ല. പലര്‍ക്കും അവസരം നഷ്ടമാവുകയാണ്. സംസരിക്കുന്നതിന് പോലും വിലക്കുള്ള സമയമാണ് ഇപ്പോഴത്തേത്.

ഗുണ്ടാസംഘമായി മാറുന്നു
താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനമല്ല ഇന്നത്തെ ഫാന്‍സ് അസോസിയേഷനുകള്‍ ലക്ഷ്യം വെക്കുന്നത്. ഗുണ്ടാ സംഘങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍. എതിര്‍ത്ത് സംസാരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണതയും കൂടുതലാണ്. അഭിപ്രായ സ്വാതന്ത്രമെന്നത് കേവലം കടലാസില്‍ മാത്രമുള്ളതായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ചില്ലറ ആക്രമണമായിരുന്നില്ല താരത്തിനെതിരെ നടന്നത്.

വീട്ടുകാര്‍ക്കും ഭയം
വീട് വരെ അഗ്നിക്കിരയാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. വീട്ടുകാര്‍ പോലും പേടിച്ചാണ് കഴിയുന്നതെന്നും പാര്‍വതി പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിട്ടും ഒരൊറ്റ സിനിമയിലേക്കുള്ള അവസരമാണ് തനിക്ക് ലഭിച്ചതെന്നും താരം പറയുന്നു. സിനിമയില്‍ അഭിനയിക്കാതെ എംബിഎ പഠിച്ചാല്‍ മതിയായിരുന്നുവെന്നായിരുന്നു അമ്മ പറഞ്ഞത്.


Click it and Unblock the Notifications











