മമ്മൂട്ടിയുടെ ഭൂതം സെപ്‌റ്റംബറില്‍ ആരംഭിയ്‌ക്കും
ഹോളിവുഡ് ബോളിവുഡ് സിനിമകളിലെ അതിമാനുഷിക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതുമയല്ല.
സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഇങ്ങ് ബോളിവുഡിലെത്തിയാല്‍ കൃഷ്, കോയി മില്‍ ഗയ അടുത്തിടെ പുറത്തിറങ്ങിയ ബച്ചന്റെ ഭൂത്‌നാഥ് എന്നീ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകര്‍ 'സൂപ്പര്‍ നാച്ച്വറല്‍ പവര്‍' കഥാപാത്രങ്ങളെ കണ്‍ നിറയെ കണ്ടതാണ്.
ചുരുക്കമാണെങ്കിലും മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ പിറവി കൊണ്ടിട്ടുണ്ട്. വന്‍ വിജയം കൈവരിച്ച മൈഡിയര്‍ കുട്ടിച്ചാത്തനും ഇന്നസെന്റ് നായകനായ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
എന്നാല്‍ ഒരു സൂപ്പര്‍ താരം ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമായിരിക്കും ജോണി ആന്റണി ഒരുക്കുന്ന പട്ടണത്തില്‍ ഭൂതം എന്ന ചിത്രം.
കരിയറില്‍ ഭൂരിഭാഗം സമയവും കോമഡി റോളുകള്‍ വഴങ്ങില്ലെന്ന് കരുതി അതില്‍ നിന്നും മാറി നില്‌ക്കുകയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബോക്‌സ് ഓഫീസില്‍ ഒരു കോമഡി തരംഗം തന്നെ സൃഷ്ടിക്കുന്ന മമ്മൂട്ടി തന്നെയാണ് പട്ടണത്തിലെ ഭൂതമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
തുറുപ്പു ഗുലാന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിയ്‌ക്കുന്ന ചിത്രമാണിത്.
ജൂലായ് അവസാന വാരത്തോടെ ഭൂതത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്‌ക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം സെപ്‌റ്റംബറിലേക്ക് മാറ്റി വെയ്‌ക്കുകയായിരുന്നു. ചിത്രത്തിനായി പ്രത്യേകം സെറ്റുകളും മറ്റും ഒരുക്കേണ്ടതിനാലാണ് ഷൂട്ടിംഗ് ആരംഭിയ്‌ക്കാന്‍ വൈകിയത്.
മരണക്കിണറിനുള്ളില്‍ ബൈക്കോടിയ്‌ക്കുന്ന ജിമ്മിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്.
ആക്‌സ്‌മികമായി ചില അദ്‌ഭുതശക്തികള്‍ക്ക് ഉടമയാകുന്ന ജിമ്മി സമൂഹത്തിലെ ദുഷ്ട ശക്തികള്‍ക്കെതിരെ ഇത് ആയുധമാക്കുന്നു. മുഖ്യമായും കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് നിര്‍മ്മയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സിബി കെ തോമാസ്-ഉദയന്‍ ടീമാണ്.
അടുത്ത കാലത്തായി മമ്മൂട്ടി ചിത്രങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ് ചിത്രമായി ഭൂതം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications