ഡിജിറ്റല്‍ റിലീസിന് ഒരുങ്ങി തെന്നിന്ത്യന്‍ സിനിമകള്‍! റിലീസ് തിയ്യതികള്‍ ഇതാ
കൊറോണ വൈറസ് വ്യാപനം സിനിമാ മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. സിനിമകളുടെ റിലീസും ഷൂട്ടിംഗുമെല്ലാം കോവിഡ് കാരണം മാറ്റിവെച്ചിരുന്നു. കൂടാതെ തിയ്യേറ്ററുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. പല സിനിമകളുടെയും റിലീസ് മാറ്റിവെച്ചത് സിനിമാ പ്രേമികളെയും നിരാശകരാക്കിയിരുന്നു. മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോലുളള സിനിമകളുടെ റിലീസായിരുന്നു മാറ്റിവെച്ചത്.

തിയ്യേറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകുമെന്നിരിക്കെ പല ചിത്രങ്ങളും ഡിജിറ്റല്‍ റിലീസിനായി ഒരുങ്ങുകയാണ്. ആമസോണ്‍ പോലുളള ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജയസൂര്യയുടെ പുതിയ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെയാണ് ലോകമെമ്പാടുമുളള പ്രേക്ഷകരിലേക്ക് എത്തുന്നത്. അദിതി റാവു ഹൈദരി നായികയായ ചിത്രം നരണിപുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
കൂടാതെ ജ്യോതികയുടെ തമിഴ് ചിത്രം മെയ് 29നാണ് ആമസോണ്‍ പ്രൈമിലൂടെ എത്തുന്നത്. ജെജെ ഫെഡറിക്ക് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍ത്ഥിപന്‍, ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാണ്ഡ്യരാജന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലോക് ഡൗണ്‍ കാലത്ത് തമിഴില്‍ നിന്നും ആദ്യം ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ച സിനിമ കൂടിയാണ് പൊന്‍മകള്‍ വന്താല്‍.
കീര്‍ത്തി സുരേഷിന്റെ പെന്‍ഗ്വിന്‍ എന്ന ചിത്രം ജൂണ്‍ 19നാണ് ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈശ്വര്‍ കാര്‍ത്തിക്കാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് എത്തുന്നത്.
കന്നഡ ചിത്രം ലോയും ജൂണ്‍ 26ന് ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യും. രാഗിണി ചന്ദ്രന്‍, സിരി പ്രഹ്ലാദ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഘു സമര്‍ത്ഥ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മറ്റൊരു കന്നഡ ചിത്രമായ ഫ്രഞ്ച് ബിരിയാണിയും ജൂണ്‍ 24ന് ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യും.
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം ഗുലാബോ സിറ്റാബോയും കഴിഞ്ഞ ദിവസം ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 12നാണ് സിനിമ ആമസോണ്‍ പ്രൈമിലൂടെ എത്തുക. ഗുലാബോ സിറ്റാബോയ്ക്ക് പുറമെ മറ്റൊരു ബോളിവുഡ് ചിത്രമായ വിദ്യാ ബാലന്റെ ശകുന്തളാ ദേവിയും ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യും.


Click it and Unblock the Notifications