വേടൻ ഒളിവിൽ തന്നെ, ഫോൺ സ്വിച്ച് ഓഫ്, തുടർ നടപടി കോടതി തീരുമാനത്തിന് ശേഷം; പാെലീസിന്റെ നീക്കമിങ്ങനെ
റാപ്പൻ വേടനെതിരായ ബലംത്സംഗക്കേസിൽ മുൻകൂർ ജാമ്യഅപേക്ഷയിൽ കോടതി തീരുമാനമെടുത്ത ശേഷം നടപടിയെന്ന് വ്യക്തമാക്കി പൊലീസ്. വേടൻ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പാെലീസ് ആവർത്തിക്കുന്നു. അടുത്തയാഴ്ചയാണ് വേടൻ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. പരാതിക്കാരിയായ യുവതിയുടെ മാെഴിയിൽ പറയുന്ന വേടന്റെ സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലടക്കം എത്തിച്ച് വേടൻ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മാെഴിയുടെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം വേടന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. വേടൻ രാജ്യം വിടാതിരിക്കാനാണ് ഇതെന്നും അറസ്റ്റ് ഒഴിവാക്കാൻ വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഡിജിറ്റൽ തെളിവുകൾക്കായി വേടന്റെ മൊബെെൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കൊച്ചി ബോൾഗാട്ടി പാലസിൽ വേടൻ പങ്കെടുക്കുന്ന ഓളം ലെെവ് എന്ന സംഗീതപരിപാടി നടക്കാനിരുന്നതാണ്. ഈ പ്രോഗ്രാമിന് വേടൻ എത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ പരിപാടിക്ക് രണ്ട് ദിവസം മുമ്പ് സംഘാടകർ വേടന്റെ പ്രോഗ്രാം റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ വേടൻ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. യുവതി പരാതി നൽകിയതിന് പിന്നാലെ പാെലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് വേടൻ എവിടെയെന്ന് ആർക്കും അറിയില്ല.
കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 ആഗസ്റ്റ് മുതൽ 2023 മാർത്ത് വരെ കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആരോപണം.

ഈ കാലയളവിൽ പലപ്പോഴായി യുവതി വേടന് പണം കെെമാറിയെന്നും പരാതിയിൽ പറയുന്നു. അക്കൗണ്ട്, ബാങ്ക് രേഖകളും നൽകിയിട്ടുണ്ട്. പീഡിപ്പിച്ചതിന് ശേഷം വേടൻ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നും ടോക്സിക്കാണെന്ന് പറഞ്ഞാണ് ബന്ധം അവസാനിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ബന്ധം യുവതിയുടെ സമ്മതപ്രകാരമായിരുന്നെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് പരാതി നൽകാൻ കാരണമെന്നും വേടൻ വാദിക്കുന്നു.
കഞ്ചാവ് കെെവശം വെച്ചതിലും പുലിപ്പല്ല് മാല കണ്ടെത്തിയെന്ന ആരോപണത്തിലും വേടനെതിരെ കേസെടുത്തിരുന്നു. രണ്ട് കേസിലും വേടന് ജാമ്യം ലഭിച്ചു. റാപ്പറായി വൻ ജനപ്രീതി നേടിയ വേടന് വലിയ ആരാധക വൃന്ദമുണ്ട്. യുവത്വത്തിന്റെ ഹരമായി വേടന്റെ പാട്ടുകൾ മാറിക്കഴിഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് വേടന്റെ വരികളെന്ന് ആരാധകർ പറയുന്നു. എന്നാൽ തുടരെ വരുന്ന കേസുകൾ റാപ്പറുടെ പ്രതിച്ഛായയെ ബാധിക്കുന്നതാണ്. സ്വകാര്യ ജീവിതത്തിൽ കുറേ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അവ അതിജീവിച്ച് താൻ മുന്നോട്ട് പോകുമെന്നും വേടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഗീത, സിനിമാ ലോകത്ത് വേടനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. കേരളത്തിൽ ഇതിനകം വേടനും വേടന്റെ പാട്ടുകളും രാഷ്‌ട്രീയ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് തുടരെ കേസുകൾ വരുന്നത്. കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് ശേഷം ഒരു ചാനൽ ചർച്ചയിൽ ഗായകൻ എംജി ശ്രീകുമാർ വേടനെ അറിയില്ലെന്ന് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. വേടന്റെ ആരാധകരാണ് അന്ന് എംജി ശ്രീകുമാറിനെതിരെ പ്രതികരിച്ചത്.


Click it and Unblock the Notifications











