മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു,പരാതിയില്‍ അറസ്റ്റ്
ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് സീരിയലിലും സിനിമകളിലുമെല്ലാം തിളങ്ങിയ താരമാണ് മഞ്ജു പത്രോസ്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. ചക്രം എന്ന ലോഹിതദാസ് ചിത്രത്തില്‍ തുടങ്ങി 30ത്തിലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. അണിയറില്‍ ഒരുങ്ങുന്ന നിരവധി സിനിമകളിലും നടി ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി നടിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ എല്ലാം മോശമായ പ്രചാരണങ്ങളാണ് നടക്കുന്നത്. മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തതായി വാര്‍ത്തയായിരുന്നു. അശ്ലീലവും അസഭ്യവുമായ രീതിയില്‍ നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ പരാതിയ്ക്ക് പിന്നാലെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രണ്ട് പേരെ പിടികൂടിയ പോലീസ് മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജൂ പത്രോസ് ശ്രദ്ധേയായി മാറിയിരുന്നത്. തുടര്‍ന്ന് മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലും ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. 2013ല്‍ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു.

കമല്‍ സംവിധാനം ചെയ്ത ഉട്ട്യോപ്യയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. 2016ല്‍ പുറത്തിറങ്ങിയ മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ലില്ലിക്കുട്ടി എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്. തുടര്‍ന്ന് പൈപ്പിന്‍ ചുവട്ടിലെ പ്രണയം, കുട്ടനാട്ടന്‍ മാര്‍പാപ്പ, സര്‍വോപരി പാലാക്കാരന്‍, പഞ്ചവര്‍ണതത്ത, ഒരു പഴയ ബോംബ് കഥ കല്യാണം, എന്റെ മെഴുതിരി അത്താഴങ്ങള്‍, തൊട്ടപ്പന്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും നടി അഭിനയിച്ചു.

സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ ഹ്രസ്വ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ അവളോടൊപ്പം എന്ന ഹ്രസ്വചിത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തിന് പുറമെ കുന്നംകുളത്ത് അങ്ങാടി, അളിയന്‍ v/s അളിയന്‍, കുടുംബ കോടതി, സുഹറയും സുഹാസിനിയും തുടങ്ങിയ ജനപ്രിയ പരമ്പരകളിലും നടി അഭിനയിച്ചിരുന്നു. ഗോകുല്‍ സുരേഷ് നായകനാകുന്ന ഉള്‍ട്ട,സമീര്‍ തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.


Click it and Unblock the Notifications