ജോജു ജോര്‍ജിന്റെ ഭാര്യയായി പൂനം
ചൈന ടൗണ്‍, വെനിസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സ്‌ക്രീനില്‍ എത്തിയ നടിയാണ് പൂനം ബജ്വ. മോഡേണ്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും തനിക്ക് മലയാളത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച പൂനം ഇനിയെത്തുന്നത് ഒരു വീട്ടമ്മയായിട്ടാണ്.
നവാഗതനായ ഉല്ലാസ് ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ ഭാര്യാ വേഷത്തിലാണ് പൂനം എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു പ്രണയ ചിത്രമായിരിക്കുമിതെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ഒരു റിട്ടേഡ് ആര്‍മി ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. സസ്‌പെന്‍ഷനിലായ സച്ചി എന്ന പൊലീസ് ഉദ്യോഗസ്ഥനായി ലാല്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂനത്തിനെയും ജോജുവിനെയും പോലെ രാഹുല്‍ മാധവും അഞ്ജന മേനോനും ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി എത്തുന്നു.
ബാബു ആന്റണി, മുരളി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ്് താരങ്ങള്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ പീരമേട്ടില്‍ ആരംഭിയ്ക്കും. തൊടുപുഴയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











