ജോഷിയുടെ തിരിച്ചുവരവും ജോജുവിന്റെ പ്രകടനവും! ട്രെന്‍ഡിംഗില്‍ ഒന്നാമതായി പൊറിഞ്ചു മറിയം ജോസ്
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതുവരെ ഒരു മില്യണിനടുത്ത് ആളുകളാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ യുടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം തന്നെ ട്രെന്‍ഡിംഗില്‍ ഒന്നാമതായി തന്നെ ട്രെയിലര്‍ തുടരുന്നു. 2.30 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലര്‍ ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചിരുന്നു.

കാട്ടാളന്‍ പൊറിഞ്ചുവായി ജോജു എത്തുന്ന ചിത്രത്തില്‍ ആലപ്പാട്ട് മറിയമായി നൈല ഉഷയും പുത്തന്‍പളളി ജോസായി ചെമ്പന്‍ വിനോദും എത്തുന്നു. ആഗസ്റ്റ് 15നാണ് പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലുളളതാണ് സിനിമ. കൊടുങ്ങല്ലൂരും തൃശ്ശൂരുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
വിജയരാഘവന്‍, നിര്‍മ്മല്‍ മാധവ്, ടിജി രവി, നന്ദു, അനില്‍ നെടുമങ്ങാട്, സുധി കോപ്പ, ഐഎം വിജയന്‍, സലീംകുമാര്‍, സ്വാസിക, കലാഭവന്‍ നിയാസ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി തിരിച്ചെത്തുന്ന ചിത്രം ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സും കീര്‍ത്തന മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications











