സംവിധായകന്‍ ജോഷിയുടെ ശക്തമായ തിരിച്ചുവരവ്! പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് തീയതി പുറത്തുവിട്ടു!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് സംവിധായകന്‍ ജോഷിയുടേതായി പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ആക്ഷനായാലും കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളായാലും അദ്ദേഹത്തില്‍ ഭദ്രമായിരുന്നു. എല്ലാ തരത്തിലുമുള്ള ചിത്രങ്ങളും ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പൊറിഞ്ചു മറിയം ജോസിലൂടെ.
ഇടവേള അവസാനിപ്പിച്ച് ജോഷി പൊറിഞ്ചു മറിയം ജോസിലൂടെ തിരിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ഇത്തവണത്തെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പേരില്‍ തുടങ്ങുന്ന വ്യത്യസ്തത സിനിമയിലുമുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സിനിമയുടെ പോസ്റ്ററുകളെല്ലാം വൈറലായി മാറിയിരുന്നു.

സിനിമയുടെ റിലീസ് എന്നാണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്കായി അധികം കാത്തിരിക്കേണ്ടതില്ലെന്നറിഞ്ഞതിന്റെ ആശ്വാസത്തിലാണ് സിനിമാപ്രേമികള്‍.
ആഗസ്റ്റ് 15ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.


Click it and Unblock the Notifications