സാഹോ ആഘോഷങ്ങള്‍ക്കിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം! സംഭവം തെലങ്കാനയില്‍
പ്രഭാസിന്റെ സാഹോ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായി എത്തിയിരിക്കുകയാണ്. ആരാധകരുടെയും പ്രേക്ഷകരുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമായി 10000ത്തിലധികം സ്‌ക്രീനുകളിലാണ് ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ബാഹുബലി സീരിസിന് ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാസ് ചിത്രം എത്തിയിരുന്നത്.

സൂപ്പര്‍ താര ചിത്രത്തെ വരവേല്‍ക്കാനായി വലിയ തയ്യാറെടുപ്പുകളായിരുന്നു ആരാധകര്‍ നടത്തിയത്. തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും പുറമെ കേരളത്തിലും പ്രഭാസിന് നിരവധി ആരാധകരുണ്ട്. സാഹോ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുളള സമയത്താണ് പ്രഭാസ് ആരാധകന് ദാരുണാന്ത്യം സംഭവിച്ചത്. തെലങ്കാനയിലാണ് സംഭവം നടന്നത്. വീടിന് സമീപത്തുളള തിയ്യേറ്ററില്‍ ബാനര്‍ വലിച്ചുകെട്ടാന്‍ പോയതായിരുന്നു ആരാധകന്‍.

ഇതിനിടെ കറണ്ട് കമ്പിയില്‍ കൈതട്ടി വൈദ്യുതി ആഘാതമേറ്റാണ് കുട്ടി മരിച്ചത്. 18 വയസില്‍ താഴെയുളള ആരാധകനാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വൈദ്യൂതി ആഘാതമേറ്റ ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തെറിച്ചു വീഴുകയായിരുന്നു കുട്ടി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പ്രഭാസിന് ആരാധകര്‍ കൂടുതലുളള ആന്ധ്രയിലും തെലുങ്കാനയിലുമാണ് സാഹോയെ സ്വീകരിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ധാരാളമായി സംഘടിപ്പിച്ചിരുന്നത്. ബാഹുബലി സീരിസ് ആഘോഷമാക്കിയതു പോലെ തന്നെ സാഹോയും കൊണ്ടാടുകയാണ് പ്രഭാസ് ആരാധകര്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഷോകള്‍ പുലര്‍ച്ചെ ഒരു മണിമുതല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗത്ത് ഇന്ത്യയിലെ തിയ്യേറ്ററുകളിലാണ് ഷോ പുലര്‍ച്ചെ മുതല്‍ തുടങ്ങിയത്. യുഎഇയില്‍ ഒരു ദിവസം മുന്‍പേ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ഇത്തവണയും നാല് ഭാഷകളിലായിട്ടാണ് പ്രഭാസിന്റെ പുതിയ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രമായി 175 തിയ്യേറ്ററുകളിലാണ് സാഹോ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്ത സിനിമ രണ്ട് വര്‍ഷം കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും മേക്കിങ് വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സാഹോയില്‍ പ്രഭാസിന്റെ സംഘടന രംഗങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ചങ്കി പാണ്ഡെ, മന്ദിര ബേദി തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications