ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച് പ്രഭാസിന്റെ സാഹോ! ബ്രഹ്മാണ്ഡ ചിത്രം 400കോടി ക്ലബിലേക്ക്
ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച പ്രഭാസിന്റെ ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായിരുന്നു ചിത്രം. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്ത സിനിമയില്‍ ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് നായികാ വേഷത്തില്‍ എത്തുന്നത്. സമ്മിശ്ര പ്രതികരണത്തോടൊപ്പം മികച്ച കളക്ഷനും നേടിക്കൊണ്ടാണ് സാഹോ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

നിലവില്‍ മുതല്‍ മുടക്കില്‍ അധികം നേടിയ സിനിമ 400 കോടി ക്ലബിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം 400 കോടി ക്ലബില്‍ അധികം വൈകാതെ തന്നെ എത്തുമെന്നും അറിയുന്നു. അഞ്ച് ദിവസംകൊണ്ട് 350 കോടിയിലധികമാണ് സാഹോ വാരികൂട്ടിയിരിക്കുന്നത്.
മറ്റു ഭാഷകളിലും ഓവര്‍സീസിലും മികച്ച മുന്നേറ്റമാണ് സാഹോ കാഴ്ചവെക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു പ്രഭാസ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ആക്ഷനൊപ്പം റൊമാന്‍സും പാട്ടുകളും സസ്‌പെന്‍സ്, ട്വിസ്റ്റ് തുടങ്ങിയവയും സാഹോയില്‍ മികച്ചുനിന്നു.
ഹോളിവുഡ് നിലവാരത്തിലുളള മേക്കിങ്ങും സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരുന്നു. ഇന്റലിജന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായി പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും അഭിനയിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് സിനിമ നേരത്തെ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











