പ്രവീണ വിവാഹിതയായി
പ്രവീണ വിവാഹിതയായി
ആഗസ്ത് 31, 2000
തിരുവനന്തപുരം: മലയാള സിനിമാതാരം പ്രവീണ വിവാഹിതയായി. വ്യാഴാഴ്ച രാവിലെ 11-15-നും 11.45-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ശാസ്തമംഗലം അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.
ദുബായ് നാഷണല്‍ ബാങ്ക് ഓഫീസറായ പ്രമോദാണ് പ്രവീണയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വഞ്ചിയൂര്‍ റോഡില്‍ വഞ്ചിയൂര്‍ ഭവനില്‍ രാമചന്ദ്രന്‍ നായരുടെ മകനാണ് പ്രമോദ്.
വളരെ കുറച്ചു ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യം തെളിയിച്ച നടിയാണ് പ്രവീണ. അഗ്നിസാക്ഷി, സാഫല്യം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലെ അഭിനയം പ്രവീണയിലെ പ്രതിഭയെ വെളിവാക്കുന്നതായിരുന്നു. അഗ്നിസാക്ഷിയിലെ കൊച്ചുപെങ്ങള്‍ക്ക് ലഭിച്ച അംഗീകാരവും അതിന്റെ പ്രതിഫലം തന്നെ.
വിവാഹത്തോടു കൂടി അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കാനാണ് പ്രവീണയുടെ ആഗ്രഹം. പിന്നീട് തിരിച്ചുവരുമോ എന്ന് തീരുമാനിച്ചിട്ടുമില്ല.
ആഗസ്ത് മാസത്തില്‍ നടക്കുന്ന രണ്ടാമത്തെ താരവിവാഹമാണ് ഇത്. ആഗസ്ത് 21-ന് മറ്റൊരു സിനിമാതാരമായിരുന്ന വിന്ദുജാമേനോനും വിവാഹിതയായിരുന്നു. രണ്ടുപേരും വിവാഹത്തോടെ അഭിനയരംഗത്തോട് വിടപറയുന്നുവെന്നത് മറ്റൊരു സാമ്യവും.


Click it and Unblock the Notifications