അപകീർത്തിപ്പെടുത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; മാധ്യമങ്ങൾക്ക് എതിരെ നടപടിക്കൊരുങ്ങി പ്രയാഗ മാർട്ടിൻ
ആലപ്പുഴയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയശേഷം നടന്മാരായ ഷൈൻ ടോം ചാക്കോയുടേയും ശ്രീനാഥ് ഭാസിയുടേയും പേരിനൊപ്പം പലപ്പോഴും മാധ്യമങ്ങളിൽ മുഴുങ്ങി കേട്ട പേരായിരുന്നു നടി പ്രയാഗ മാർട്ടിന്റേത്. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമയുമായി പ്രയാഗയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ന്യൂസ് 18 മലയാളത്തിൽ വാർത്ത വന്നത്. മുമ്പും ലഹരി കേസുമായി ബന്ധപ്പെട്ട് പ്രയാഗ മാർട്ടിന്റെ പേര് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നതാണ്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് തനിക്ക് എതിരെ ചില മാധ്യമങ്ങൾ നടത്തുന്നതെന്നും അതിനാൽ താൻ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ നടി വ്യക്തമാക്കി.

അസത്യ വിവരങ്ങളുടെ പ്രചരണം കണ്ട് നിൽക്കുന്നത് വിഷമകരവും വേദനാജനകവുമാണെന്നും നടി കുറിച്ചു. എല്ലാവർക്കും നമസ്കാരം... അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങൾ അശ്രദ്ധയാലോ അറിവോടെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
അസത്യ വിവരങ്ങളുടെ പ്രചരണം കണ്ട് നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്വമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതുമര്യാദയുടേയും അടിസ്ഥാന മാന്യതയുടേയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കജനകമാണ്.
ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും അവരിലേക്കുള്ള പൊതുജനവിശ്വാസ്യത ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അസത്യ വിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ച് കാണാനോ അവഗണിക്കാനോ കഴിയില്ല. എന്റെ പ്രൊഫഷണൽ ജീവിതത്തിലുടനീളം മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവയ്ക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോട് കൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്ന് ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടേയും അഭ്യുദയകാംഷികളുടേയും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നിലനിൽക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവം നന്ദി അറിയിക്കുന്നു എന്നായിരുന്നു പ്രയാഗയുടെ കുറിപ്പ്.

രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ വെച്ച് തസ്ലീമ എന്ന സ്ത്രീയിൽ നിന്നും പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴും പരിശോധിച്ചപ്പോഴുമാണ് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇരുവർക്കും പുറമെ ബിഗ് ബോസ് മലയാളം സീസൺ ആറ് വിജയി ജിന്റോയ്ക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നാളെയാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ വർഷം പ്രയാഗയുടെ പേര് മാധ്യമങ്ങളിൽ നിറഞ്ഞത് കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് നടത്തിയ ലഹരി പാർട്ടിയുടെ ഭാഗമായതിന്റെ പേരിലായിരുന്നു. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ സന്ദർശകരായി എത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ഇന്ന് രാവിലെ സംവിധായകൻ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാഗയുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കുറിപ്പിന് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രതികരണങ്ങൾ വന്നിട്ടുണ്ട്. നിയമപരമായി പോരാടാൻ നടിയെ ഉപദേശിച്ചായിരുന്നു കമന്റുകൾ ഏറെയും.
ഇതൊക്കെ അന്ന് ന്യൂസ് വരുമ്പോഴേ പറയണ്ടായിരുന്നോ?. എല്ലാം കഴിഞ്ഞ് വിഷയം എല്ലാരും മറക്കുമ്പോഴാണോ വന്ന് വ്യാജ വാർത്ത എന്നൊക്കെ പറയുന്നത് എന്നായിരുന്നു മറ്റ് ചിലർ നടിയെ വിമർശിച്ച് ചോദിച്ചത്.


Click it and Unblock the Notifications











