തിരയിലെ ശോഭന; വിനീത് പറയുന്നു
മഞ്ജുവാര്യരുടെ തിരിച്ചുവരവുപോലെ കൊട്ടിഘോഷിച്ചില്ലെങ്കിലും നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയുടെ തിരിച്ചുവരവായിരുന്നു തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ. പ്രതീക്ഷകളെ ഒട്ടും കൈവിടാതെ തന്നെ ശോഭന ഡോക്ടര്‍ രോഷ്ണി പ്രണബ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രത്തിന്റെ വേഷം എത്രത്തോളം പ്രാധാന്യമായിരുന്നോ അത്രത്തോളം വിനീത് എന്ന യുവ സംവിധായകനെ സഹായിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാനും ശോഭനയ്ക്ക് കഴിഞ്ഞു. ശോഭന ചേച്ചിയുടെ സാന്നിധ്യമാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തതെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തിരയിലാണ് ശോഭ ആദ്യമായി സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കിയതും.

റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് ഞാന്‍ തന്നെ ഡബ്ബ് ചെയ്തു കൂടെന്ന് ചേച്ചി ചോദിക്കുകയായിരുന്നെന്ന് വിനീത് പറഞ്ഞു. അങ്ങനെയാണ് കഥാപാത്രത്തിന് ശോഭന തന്നെ ശബ്ദം നല്‍കിയത്. വ്യത്യസ്തതകള്‍ തേടി ഏറെനാള്‍ അന്വേഷിച്ചതിന് ശേഷമാണ് തിര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. സമാനമായ കഥകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും സ്ത്രീപക്ഷത്തു നിന്ന് പറയാനാണ് ശ്രമിച്ചതെന്ന് വിനീത് പറഞ്ഞു.
ചിത്രത്തിന് അന്യഭാഷാ ചിത്രങ്ങളും പ്രചോദനമായിട്ടുണ്ട്. തന്റെ മനസ്സിലുള്ള ആശയങ്ങള്‍ മൂന്ന് ഭാഗങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകും. രണ്ടാം ഭാഗം പക്ഷേ മറ്റൊരു ചിത്രത്തിന് ശേഷം മാത്രമെ ചെയ്യുകയുള്ളൂം എന്നും വിനീത് അറിയിച്ചു.


Click it and Unblock the Notifications