സാർ ഞാൻ എന്താണ് ചെയ്യേണ്ടത്..!! പൃഥ്വിയോട് ലാലേട്ടൻ, രസകരമായ സംഭവത്തെ കുറിച്ച് പൃഥ്വി
മലയാളി പ്രേക്ഷകരുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഒടിയൻ വരെ മോഹൻലാൽ എന്ന അഭിനേതാവിന്റെ വ്യത്യസ്ത മുഖങ്ങളാണ് പ്രേക്ഷകർ കണ്ടത്. പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി, അത് ചെയ്യുന്ന കഥാപാത്രങ്ങളിൽ ഉൾപ്പെടുത്താൽ താരം ശ്രമിക്കാറുണ്ട്. അതുകൊണ്ടാണ് ലാലേട്ടനെ മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാറായത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ ഹിറ്റ് കൂട്ടക്കെട്ടായ പ്രിയദർശൻ - ലാലേട്ടനും ഒന്നിക്കുന്ന ചിത്രമായ കുഞ്ഞാലി മരയ്ക്കാറും. ഈ രണ്ട് ചിത്രങ്ങൾക്കായി പ്രേക്ഷകർ കട്ട കാത്തിരിപ്പിലാണ്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ലൂസിഫർ ഇപ്പോൾ തിയേറ്ററിൽ എത്തുകയാണ്. മാർച്ച് 28 നാണ് ചിത്രം പുറത്തെത്തുന്നത്. രാഷ്ട്രീയക്കാരൻ കുപ്പയം ധരിച്ചാണ് ലാലേട്ടൻ ലൂസിഫറിൽ പ്രത്യക്ഷപ്പെടുന്നത്. ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് ലാലേട്ടൻ ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. താരത്തിന്റെ ലൈവിൽ പൃഥ്വിയും ജോയ് ൻ ചെയ്തതോടെ സംഭവം കുറച്ച് കൂടി കളറാവുകയായിരുന്നു. ചിത്രത്തിനെ കുറിച്ചും സെറ്റിൽ നടന്ന രസകരമായ സംഭവങ്ങളും പൃഥ്വി ലൈവിൽ പങ്കുവെച്ചു.

പുതുമുഖ സംവിധായകന് ലഭിച്ച ഭാഗ്യം
ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ലാലേട്ടനെ പോലെയുളള ഒരു വലിയ താരത്തെ വെച്ച് സിനിമ ചെയ്യുന്നതിൽ തനിയ്ക്ക് അഭിമാനം മാത്രമേയുളളൂവെന്ന് പൃഥ്വി പറഞ്ഞു. മനസ്സിൽ വിചാരിച്ച പോലെ കാര്യങ്ങൾ എല്ലാം ഭംഗിയായി തന്നെ നടക്കുകയും ചെയ്തു. ഇനി ലൂസിഫറിനെ കുറിച്ച് വിധി എഴുതേണ്ടത് നിങ്ങൾ പ്രേക്ഷകരാണെന്നും പൃഥ്വി ലൈവിൽ പറഞ്ഞു.

ലാലേട്ടൻ എന്നോട് പറഞ്ഞത്
ഒരു ഫിലിം മേക്കർ എന്ന നിലയിൽ താൻ വളരെ തൃപ്തനാണ്. ചിത്രീകരണം അവസാനിച്ചതിനു ശേഷം ലാലേട്ടൻ എന്നോട് പറഞ്ഞ വാക്കുകൾ എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്. അദ്ദേഹത്തിൽ നിന്ന് തന്നെ എനിയ്ക്ക് തല അഭിപ്രായം ലഭിച്ചു. അതിൽ താൻ വിജയിച്ചുവെന്നും പൃഥ്വി പറഞ്ഞു. എന്നാൽ എന്റെ വ്യക്തി പരമായ അഭിപ്രായം കൊണ്ട് മാത്രം സിനിമയെ വിലയിരുത്താൻ കഴിയില്ലെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

ലാലേട്ടന്റെ ടെസ്റ്റിങ്
ലൂസിഫറിന്റെ സെറ്റിൽ നടന്ന ഒരു രസകരമായ സംഭവവും പൃഥ്വിരജ് ലൈവിലൂടെ വെളിപ്പെടുത്തി. ഷൂട്ടിങ് തുടങ്ങുന്നതിന്റെ ആദ്യ ദിവസമായിരുന്നു. ഫസ്റ്റ് ഷോർട്ട് എടുക്കുന്നതിന്റെ തൊട്ട് മുൻപ് അദ്ദേഹം എന്നോട് ചോദിച്ചു സാർ എന്താണ് ചെയ്യേണ്ടത്. ഞാൻ മോണിറ്ററിൽ നോക്കിയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് എഴുന്നേറ്റ് പോകുന്നതിനു തൊട്ട് മുൻപ് ഞാൻ മുരളി ഗോപിയോട് ചോദിച്ചു . ലാലേട്ടൻ എന്നെ ടെസ്റ്റ് ചെയ്യുന്നതാണോ എന്ന്.

പിന്നെ കണ്ടത് ലാലേട്ടൻ മാജിക്
ഒരു സീനിൽ എന്താണ് വേണ്ടതെന്ന് ലാലേട്ടന് വ്യക്തമായി അറിയാം. എന്നാൽ ആദ്യം അദ്ദേഹത്തിന് അറിയേണ്ടത് സംവിധായകന്റെ കാഴ്ചപ്പാടിനെ കുറിച്ചാണ്. അതിനു ശേഷമാണ് ലാലേട്ടൻ മാജിക്. ഈ മാജിക് ലൂസിഫറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കാമെന്നും പഥ്വിരാജ് ലൈവിൽ പറഞ്ഞു. മാർച്ച് 28 ാം തീയതിയാണ് ലൂസിഫർ പ്രദർശനത്തിനെത്തുന്നത് അണിയറ പ്രവർത്തകരും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











