»   » പൃഥ്വിയുടെ രക്ഷയ്ക്കായി ലാല്‍ജോസ്‌

പൃഥ്വിയുടെ രക്ഷയ്ക്കായി ലാല്‍ജോസ്‌

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് സിനിമാജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ രക്ഷപ്പെടുത്താനെത്താറുള്ളത് രണ്ടു സംവിധായകരാണ്. രഞ്ജിത്തും ലാല്‍ജോസും. അടുത്തിടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയുമായി എത്തി പൃഥ്വിയെ സഹായിച്ചത്. വീണ്ടും കരിയറില്‍ പരാജയങ്ങള്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ രക്ഷകനായി എത്തുന്നത് ലാല്‍ജോസ് ആണ്. പുതിയ ചിത്രത്തിനു പേരിട്ടു- അയാളും ഞാനും തമ്മില്‍. ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും നരേയ്‌നും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

Prithvi Lal Jose

ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വി. സഞ്ജയ്-ബോബി ടീമിന്റെതാണ് തിരക്കഥ. സംവൃത സുനില്‍, റീമാ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ടാകും. 22 ഫീമെയിലിലൂടെ തിരിച്ചുവരവ് നടത്തിയ പ്രതാപ് പോത്തനും ശ്രദ്ധേയമായ വേഷത്തിലുണ്ടാകും. പട്ടാളത്തിനു ശേഷം കലാഭവന്‍ മണി ലാല്‍ജോസിനൊപ്പം ഈ ചിത്രത്തില്‍ ചേരുന്നുണ്ട്.

എല്‍സമ്മ എന്ന പെണ്‍കുട്ടി, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയത്തോടെ ലാല്‍ജോസ് മിനിമം ഗാരന്റിയുള്ള സംവിധായകന്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ ഹിറ്റൊരുക്കാന്‍ കഴിയുന്ന സംവിധായകര്‍ മലയാളത്തില്‍ ഇപ്പോള്‍ കുറവാണ്. ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് ഇപ്പോഴും തിയറ്റര്‍ വിട്ടിട്ടില്ല. ലാല്‍ജോസ് തന്നെയായിരുന്നു ചിത്രം നിര്‍മിച്ചതും. മാസ്‌റ്റേഴ്‌സ്, ഹീറോ എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തോടെയിരിക്കുന്ന പൃഥ്വിരാജും ഇപ്പോള്‍ മലയാളത്തിലെ നവതരംഗ സിനിമകളുടെ പിന്നാലെയാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മോളി ആന്റി റോക്ക്‌സ് ആണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. രേവതിയും ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

അതേസമയം വീരപുത്രനിലൂടെ തിരിച്ചുവരവ് നടത്തിയ നരേയ്‌ന് മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്ററില്‍ മാത്രമേ അഭിനയിക്കാന്‍ സാധിച്ചുള്ളൂ. നരേയ്‌നും ഈ ചിത്രം ശക്തമായ തിരിച്ചുവരവിനുള്ള അവസരമായിരിക്കും ഒരുക്കുക. ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലൂടെയാണ് നരേയ്‌ന് മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ചത്. പിന്നീട് തമിഴിലേക്കു ചേക്കേറിയതോടെ ഇവിടെ അവസരങ്ങള്‍ കുറഞ്ഞു. അവിടെയും അവസരം കുറഞ്ഞതോടെ വീണ്ടും മലയാളത്തില്‍ എത്തുകയായിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം മുഖംമൂടിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജീവയാണ് ചിത്രത്തിലെ നായകന്‍. മിഷ്‌കിന്‍ ആണ് നരേയ്‌ന് തമിഴില്‍ താരപദവി നേടികൊടുത്തത്.

സഞ്ജയ്-ബോബി ടീം ആദ്യമായിട്ടാണ് ലാല്‍ജോസിനൊപ്പംചേരുന്നത്. ട്രാഫിക് വന്‍ഹിറ്റായിരുന്നെങ്കിലും മോഹന്‍ലാല്‍ നായകനായ കസനോവയുടെ വന്‍പരാജയം ഇവര്‍ക്ക് ചീത്തപ്പേരുമാത്രമാണു സമ്മാനിച്ചത്. ആ കളങ്കം മായ്ക്കാനുള്ള അവസരമായിരിക്കും അയാളും ഞാനും തമ്മില്‍.

English summary
Prithvi-Lal Jose team up in 'Ayalum Njanum Thammil'Prithviraj is playing a doctor in the film, which has been scripted by Bobby and Sanjay. Narain will also play an important role in it. Remya Nambeesan, Rima Kallingal and Samvritha Sunil play the female leads.Shooting will start soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam