പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുമോ? ഗാനഗന്ധര്‍വനാകാന്‍ സകലകലാവല്ലഭനാണ് മനസ്സിലെന്ന് സംവിധായകന്‍
ബോക്‌സോഫീസില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പാകമുള്ള സിനിമകളുമായി തിരക്കോട് തിരക്കിലാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. നിലവില്‍ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയും വരാന്‍ പോവുകയാണ്. ശേഷം ബിഗ് ബജറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാനും വരും.
ഇതിനിടെ മോഹന്‍ലാലിന്റെ പുതിയ ചില സിനിമകളെ കുറിച്ച് ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതിലൊന്നില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം വൈറലാവുകയാണ്.

പ്രശസ്ത സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതായിട്ടാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. ദിവസങ്ങളായി ഇതേ സിനിമയെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നെങ്കിലും മോഹന്‍ലാല്‍ സ്ഥിരികരിച്ചിരുന്നില്ല. മുന്തിരി മൊഞ്ചന്‍ എന്ന സിനിമയ്ക്ക് ശേഷം വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും സൂചനകള്‍ വന്നിരുന്നു. ഒടുവില്‍ സംവിധായകന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി വന്നിരിക്കുകയാണ്.

'ഒരു തയ്യാറെടുപ്പിലാണ്. മാനസികമായും ശാരീരികമായും. ലോകം കണ്ട മഹാസംഗീത പ്രതിഭയുടെ ജീവിതം ലോക സിനിമയില്‍ പകരം വെക്കാനില്ലാത്ത നമ്മുടെ എല്ലാമെല്ലാമായ മറ്റൊരു മഹാകലാകാരന് സമര്‍പ്പിക്കുവാന്‍. വേറെ ഒന്നും മനസ്സില്‍ വരുന്നില്ല. ഇപ്പോള്‍ അലട്ടുന്ന മറ്റൊരു ചോദ്യം. ഗാനഗന്ധര്‍വന്‍ ആരാകണം? ഉദിച്ചു നില്‍ക്കുന്ന മറ്റൊരു സകലകലാവല്ലഭനാണ് മനസ്സില്‍. മുന്നോട്ടു പോകുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും ഉണ്ടാകണം' എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിജിത്ത് നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതകഥയാണെന്ന് ഹാഷ് ടാഗിലൂടെ സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹവും ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഒന്നിച്ചുള്ള പഴയൊരു സംഗീത കച്ചേരിയുടെ ഫോട്ടോയും വിജിത്ത് നമ്പ്യാര്‍ പങ്കുവെച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാനിലെ സംഗീതം ദൈവീകമാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹസ്രത്ത് അമീര്‍ ഖുസറോ പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം അദ്ദേഹത്തിന്റെ ശവസംസ്‌കാരം നദി കരയില്‍ നടന്നു. വീണ്ടും അതിലേ നടന്നപ്പോള്‍ എനിക്ക് ഈ വാക്കുകള്‍ ഓര്‍മ്മ വന്നു. ചെമ്പൈയുടെ സംഗീതം സപ്‌തേശ്വരന്മാരെ സ്‌നേഹിക്കുന്ന എല്ലാവരിലേക്കും വീണ്ടും എത്തിയിക്കുകയാണ്'.

സംവിധായകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ഈ സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ആരാധകരും രംഗത്തെത്തി. ചെമ്പൈ ഭാഗവതരായി മോഹന്‍ലാല്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ എങ്കില്‍ ഗാനഗന്ധര്‍വ്വന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്ന സംശയം ഉയര്‍ന്നു. ഇതിനിടെ നിര്‍മാതാക്കള്‍ പൃഥ്വിരാജുമായി കരാറിലേര്‍പ്പെട്ടുവെന്നാണ് സൂചന. ആട് ജീവിതം എന്ന വലിയ സിനിമയുടെ ഷൂട്ടിങ് തയ്യാറെടുപ്പുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍.


Click it and Unblock the Notifications