ദിലീപിന് ശേഷം പൃഥ്വിരാജ്! ആ ഭാഗ്യം രതീഷ് അമ്പാട്ടിനെ തേടിയെത്തി! മുരളി ഗോപിയുടെ നായകനായി പൃഥ്വി
നന്ദനമെന്ന സിനിമയിലൂടെ പുതുമുഖ നടനായി അരങ്ങേറിയിരുന്ന താരമാണ് പൃഥ്വിരാജ്. താരപുത്രനായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ആ ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും പൃഥ്വി എത്തുന്നത്. നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലായാണ് അദ്ദേഹം സ്വന്തമായി സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിച്ചത്. മലയാളം കണ്ട ചരിത്രവിജയമാണ് ലൂസിഫര്‍ സമ്മാനിച്ചത്. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് താന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചും താരം വിശദീകരിച്ചത്.
കമ്മാരസംഭവത്തിലൂടെ ശ്രദ്ധേയനായി മാറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വിയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ എമ്പുരാനിലേക്ക് കടക്കൂയെന്നാണ് താരം വ്യക്തമാക്കിയത്. ടിയാനും ലൂസിഫറിനും ശേഷം പൃഥ്വിരാജും മുരളി ഗോപിയും വീണ്ടും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒരുമിച്ചെത്തുമ്പോള്‍ നായകനാവാനുള്ള ഭാഗ്യം ലഭിച്ചത് പൃഥ്വിരാജിനാണ്. ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു കമ്മാരസംഭവം. നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കട്ടത്താടിയിലുള്ള ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. മഡോണ സെബാസ്റ്റിയന്‍, വിജയരാഘവന്‍, ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വി രതീഷ് അമ്പാട്ടിനൊപ്പം ചേരുന്നത്.


Click it and Unblock the Notifications











