ഓട്ടോ ഓടിച്ചു; ഇനി ജീപ്പോടിക്കാം
കങ്കാരുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറായാണ് പൃഥ്വിരാജ് വേഷമിട്ടത്. ആ ചിത്രം ശരാശരി വിജയം നേടി. ഓട്ടോ ഡ്രൈവര്‍ നായകനായ ചിത്രം വിജയിച്ചെങ്കില്‍ ജീപ്പ് ഡ്രൈവറായി അഭിനയിച്ചാല്‍ എങ്ങനെയിരിക്കും?
വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ജീപ്പ് ഡ്രൈവറായി വേഷമിടുന്നത്. വെറും ജീപ്പ് ഡ്രൈവറല്ല. ഒരു സൂപ്പര്‍താരത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ജീപ്പ് ഡ്രൈവര്‍!
കങ്കാരുവില്‍ ക്നാനായ സഭയില്‍ പെട്ട ക്രൈസ്തവനായാണ് പൃഥ്വിരാജ് വേഷമിട്ടതെങ്കില്‍ കുഞ്ഞാപ്പുവെന്ന മുസ്ലിമായാണ് വണ്‍വേ ടിക്കറ്റില്‍ അഭിനയിക്കുന്നത്. കങ്കാരുവില്‍ ഓട്ടോയില്‍ കയറിയ ഒരു പെണ്‍കുട്ടി നായകന്റെ ജീവിതത്തിലേക്ക് കടന്നുവരികയാണെങ്കില്‍ ഒരു വിവാഹച്ചടങ്ങില്‍ വച്ച് നായകന്‍ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയതിനു ശേഷമുണ്ടാവുന്ന സംഭവങ്ങളാണ് വണ്‍വേ ടിക്കറ്റിന്റെ പ്രമേയം.
ലക്ഷ്മി റായ് ആണ് ചിത്രത്തിലെ നായിക. തിലകന്‍, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കാക്കിക്കു ശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍വേ ടിക്കറ്റ്. രചന ബാബു ജനാര്‍ദ്ദനന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകരുന്നു. ഛായാഗ്രഹണം വിപിന്‍ മോഹന്‍.


Click it and Unblock the Notifications