പൃഥ്വി 'വലതുവശത്തെ കള്ളന്‍'
തുടരെ തുടരെ പൊലീസ് വേഷങ്ങള്‍ മാത്രമായിരുന്നു ഈ അടുത്ത കാലത്ത് പൃഥ്വിരാജിന്. പൊലീസ് വേഷം ഊരിവയ്ക്കുന്നു. ഇനി കള്ളനാകാനുള്ള പുറപ്പാടിലാണ് പൃഥ്വി. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തശ്രീ തസ്‌കരാ എന്ന ചിത്രത്തില്‍ പൃഥ്വി എത്തുന്നത് ഒരു കള്ളന്റെ വേഷത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഇപ്പോള്‍ കേള്‍ക്കുന്നു വീണ്ടുമൊരു ചിത്രത്തിലൂടെ പൃഥ്വിരാജ് കള്ളനാകുന്നുവെന്ന്.
മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രമൊരുക്കിയതിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിലാണ് പൃഥ്വി വീണ്ടും കള്ളനാകുന്നത്. ജോണ്‍ പോള്‍ കഥയെഴുതുന്ന ചിത്രത്തില്‍ ഇതുവരെ നായികയെ തീരുമാനിച്ചിട്ടില്ല. പുതുമുഖമായിരിക്കുമെന്നാണ് സൂചനകള്‍. ജയമോഹനാണ് തിരക്കഥയെഴുതുന്നത്. ആഗസ്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

അംബികാ റാണിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് പുതിയ ചിത്രം ഒരുക്കുന്നത്. നേരത്തെ മലബാറില്‍ ഹിറ്റായ 'നീ മാഹീത്തെ പെമ്പീളേര കണ്ട്ക്ക്' എന്ന പാട്ടിനെ ആസ്പദമാക്കി ഒപ്പന എന്ന ചിത്രം എടുക്കുന്നതായി ആഷിഖ് പ്രഖ്യാപിച്ചിരുന്നു. ഭാര്യ റിമ കല്ലിങ്കാലായിരിക്കും നായകയെന്നും അറിയിച്ചു. എന്നാല്‍ ഈ ചിത്രം അടുത്ത വര്‍ഷം മാത്രമേ എടുക്കൂ എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതേ സമയം ഇടുക്കി ഗോള്‍ഡ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന തിരക്കിലാണ് ആഷിഖ് ഇപ്പോള്‍.
സെവന്‍ത് ഡേയാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഠമാര്‍ പഠാര്‍ എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ സപ്തശ്രീ തസ്‌കര, പിക്കറ്റ് 43, കാവ്യ തലൈവ (തമിഴ്), ഡബ്ള്‍ ബാരല്‍, എന്ന് നിന്റെ മൊയ്ദീന്‍, തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വി കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications