പുതിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് പൃഥ്വി! ദുരിതബാധിതരെ സഹായിക്കാനായി താരം
ദുരിത ബാധിതര്‍ക്കായി വയനാട്ടിലേക്ക് ആവശ്യ സാധനങ്ങള്‍ നിറച്ച ട്രക്ക് പൃഥ്വിരാജ് അയച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇന്ദ്രജിത്തും പൂര്‍ണിമയും നേത്യത്വം നല്‍കുന്ന അന്‍പോട് കൊച്ചിക്കൊപ്പം ചേര്‍ന്നായിരുന്നു പൃഥ്വി സാധനങ്ങള്‍ അയച്ചിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി നിന്ന അന്‍പോട് കൊച്ചിക്കൊപ്പം അവരുടെ അവസാന ദിവസമായിരുന്നു പൃഥ്വിയും എത്തിയത്. ഇത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

പൃഥ്വിരാജിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും നന്ദിയറിയിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ എത്തിയിരുന്നു. അതേസമയം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പുതിയ കാറിന് ഫാന്‍സി നമ്പര്‍ എന്ന മോഹം പൃഥ്വി വെണ്ടെന്നു വെച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കാനായി ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ നടന്‍ ലേലത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ലേലത്തില്‍ പങ്കെടുക്കുന്നതിനുളള തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി
നല്‍കാനാണ് പൃഥ്വിയുടെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ KL നടി 07 CS 7777 എന്ന നമ്പര്‍ ലഭിക്കാനായാണ് പൃഥ്വി അപേക്ഷ നല്‍കിയിരുന്നത്. പൃഥ്വിക്കൊപ്പം തന്നെ ഈ നമ്പറിനായി മറ്റു പലരും രംഗത്തെത്തുകയും ചെയ്തു. ഒടുവില്‍ ലേലം സംഘടിപ്പിക്കാനുളള ഒരുക്കത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് നടന്‍ അറിയിക്കുകയായിരുന്നു.

ഇതിന് മുന്‍പും തന്റെ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാനായി പൃഥ്വി ശ്രമിച്ചിരുന്നു. മുന്‍പ് വാങ്ങിയ ലംബോര്‍ഗിനിയ്ക്കായി ആറ് ലക്ഷം രൂപ മുടക്കിയാണ് പൃഥ്വി തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ വാഹനങ്ങളോടും വലിയ ഇഷ്ടമുളള താരമാണ് പൃഥ്വിരാജ്. അതേസമയം ലേലത്തില്‍ നിന്ന് പിന്മാറിയ ശേഷം നടനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയുമായി സഹകരിച്ച് വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കായിരുന്നു പൃഥ്വിരാജ് സാധനങ്ങള്‍ അയച്ചിരുന്നത്. നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയില്ലെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയെല്ലാം അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം നടന്‍ നല്‍കാറുണ്ട്. മറ്റു താരങ്ങള്‍ക്കൊപ്പം തന്നെ പൃഥ്വിയും പ്രളയ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ സജീവമായി എത്തുന്നു.

കഴിഞ്ഞ ദിവസം ഇന്ദ്രജിത്ത് സുകുമാരന്റെതായി വന്ന പോസ്റ്റിലൂടെയായിരുന്നു പൃഥ്വി സഹായിച്ചതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. വയനാട്ടിലേക്കുളള ട്രക്ക് നമ്പര്‍ 26 പൃഥ്വിരാജിന്റെതാണ് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ദ്രജിത്ത് അറിയിച്ചിരുന്നത്. സഹോദരന്റെ സ്‌നേഹം ആണിതെന്നും ഇന്ദ്രജിത്ത് സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications