»   » പൃഥ്വിരാജിന്റെ സംവിധായകന്‍ ചതിച്ചു, ഇനിയാരോടും ഈ നെറികേട് ചെയ്യരുതെന്ന് ഡിസൈനര്‍

പൃഥ്വിരാജിന്റെ സംവിധായകന്‍ ചതിച്ചു, ഇനിയാരോടും ഈ നെറികേട് ചെയ്യരുതെന്ന് ഡിസൈനര്‍

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ആദം ജോണിന്റെ സംവിധായകനെതിരെ ഡിസൈനര്‍ ജിത്തു ചന്ദ്രന്‍. ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പിച്ച് പറ്റിച്ചു എന്നാണ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ ജിനു എബ്രഹാമിനെതിരെ ആരോപണങ്ങളുമായി ജിത്തു എത്തിയത്.

തന്നെ പോലെ പലരും ഇത്തരത്തില്‍ ചതിക്കപ്പെടുന്നുണ്ട് എന്നും ഇനിയൊരാള്‍ക്ക് നേരെയും ഇത്തരം നെറികേട് കാട്ടരുത് എന്നും ഉള്ളത് കൊണ്ടാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് എന്ന് ജിത്തു ചന്ദ്രന്‍ വ്യക്തമാക്കുന്നുണ്ട്.

ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ തന്നു

ഏകദേശം ഒരു വര്‍ഷം മുന്‍പാണത്രെ ആദം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ജിനു എബ്രഹാം ജിത്തു ചന്ദ്രനെ ഏല്‍പിച്ചത്. പൃഥ്വിരാജിന്റെ സിനിമ എന്നതിനാല്‍ ചാടിക്കേറി ഏല്‍ക്കുകയും ചെയ്തു. ടൈറ്റില്‍ ഇഷ്ടപ്പെട്ടാല്‍ പോസ്റ്റര്‍ ഡിസൈന്‍ നല്‍കും എന്ന ഉറപ്പില്‍ അഞ്ചിലധികം ടൈറ്റില്‍ വരച്ചിരുന്നു. സംവിധായകന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഓരോന്നും ചെയ്തത്.

പൊളിച്ചു എന്ന പറഞ്ഞിട്ട് എവിടെ...

പൂര്‍ണ സന്തോഷത്തോടെയാണ് ഓരോ ടൈറ്റിലും ഡിസൈന്‍ ചെയ്ത് അയച്ചുകൊടുത്തിരുന്നത്. അവസാനം ചെയ്ത ടൈറ്റില്‍ അയച്ചുകൊടുത്തപ്പോള്‍ 'പൊളിച്ചു' എന്ന് മറുപടി കിട്ടി. അതില്‍ തന്നെ സെറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചത് പ്രകാരം ബാക്ക്ഗ്രൗണ്ടും ചെയ്ത് അയച്ചുകൊടുത്തു. പിന്നീടുള്ള ഓരോ ദിവസവും വര്‍ക്കിനെ പറ്റിയുള്ള അപ്‌ഡേഷന്‍ നല്‍കിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലത്രെ. സ്‌കോട്ട്‌ലാന്റില്‍ ഷൂട്ട് ഉള്ളത് കൊണ്ടായിരിക്കും എന്ന് കരുതി സമാധാനിച്ചു.

മര്യാദ കാണിക്കാതെ...

പൊളിച്ചു, കൊള്ളാം എന്ന് പറഞ്ഞ വര്‍ക്ക് കൈവിട്ടുകളയും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാത്തിനും ഉപരി സ്വപ്‌നം കണ്ട വര്‍ക്ക് മറ്റൊരാളെ ഏല്‍പിക്കുമ്പോള്‍, ഞങ്ങളെ അതൊന്ന് അറിയിക്കേണ്ട മര്യാദ പോലും സംവിധായകന്‍ കാണിച്ചില്ല. ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞെങ്കില്‍ അത് മര്യാദയാകുമായിരുന്നു എന്നും ജിത്തു പറയുന്നു.

ഫെഫ്കയില്‍ പരാതി നല്‍കി

ഞങ്ങളും കഷ്ടപ്പെടുന്നവരാണ്. തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ പോലെ ഞങ്ങളും കഷ്ടപ്പെട്ടിട്ടാണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഇത് ആദ്യത്തെ അനുഭവമല്ല. ഫെഫ്ക അംഗം എന്ന നിലയില്‍ ബന്ധപ്പെട്ട ഭാരവാഹികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇനിയൊരാളോടും ഈ നെറികേട് കാണിക്കരുത് - എന്നൊക്കെയാണ് ജിത്തു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇതാണ് പുതിയ പോസ്റ്റര്‍

ഇതാണ് പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. FML-TTChithiraBold എന്ന ഫോണ്ടിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

English summary
Prithviraj Film ‘Adam Joan’ Director Jinu Abraham Cheated Me, Says Designer Jithu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam