ലാലിനൊപ്പം പൃഥ്വിരാജ്
തുടക്കം മുതലേ പൃഥ്വിരാജിന് ലഭിച്ചത് നായകവേഷങ്ങളാണ്. മറ്റു പല യുവതാരങ്ങള്‍ക്കും നായകപദവി നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ മറ്റു വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായി. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടിട്ടും നായകനായി തന്നെ പൃഥ്വിരാജ് തുടര്‍ന്നു.
ക്ലാസ് മേറ്റ്സ്, ചോക്ലേറ്റ് എന്നീ ചിത്രങ്ങളുടെ വിജയത്തോടെ പരാജയത്തിന്റെ ഭാരം പൃഥ്വിരാജ് ഇറക്കിവച്ചിരിക്കുകയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കാനും സിനിമ വിജയിപ്പിക്കാനും കഴിയുന്ന താരമായി പൃഥ്വിരാജ് വളര്‍ന്നിരിക്കുന്നു. എന്നാല്‍ നായകനായേ അഭിനയിക്കൂവെന്ന വാശിയൊന്നും പൃഥ്വിരാജിനില്ല.
ജയസൂര്യയും ഇന്ദ്രജിത്തും നരേനുമൊക്കെ സൂപ്പര്‍താര ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള് ചെയ്യാന്‍ തയ്യാറായത് നായകരെന്ന നിലയില്‍ അവര്‍ക്ക് നിലനില്പ് ഭദ്രമാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. എന്നാല്‍ നാളത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന മാധ്യമങ്ങള്‍ വിശേഷണം പതിച്ചുനല്‍കിയിരിക്കുന്ന പൃഥ്വിരാജ് ഈ വര്‍ഷം നായകവേഷമല്ലാതിരുന്നിട്ടും രണ്ടു ചിത്രങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായി.
ലാല്‍ ജോസിന്റെ കസിന്‍, ദേവരാജന്റെ സ്വപ്നമാളിക എന്നീ ചിത്രങ്ങളില്‍ പൃഥ്വിരാജിന് നായകവേഷമില്ല. നായകന്‍ മോഹന്‍ലാലാണ്. എങ്കിലും രണ്ടു ചിത്രത്തിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കസിനായും സ്വപ്നമാളികയില്‍ മജീഷ്യനായ ലാലിന്റെ അരികില്‍ മാജിക് പഠിക്കാനെത്തുന്ന ചെറുപ്പക്കാരനായുമാണ് പൃഥ്വിരാജ് വേഷമിടുന്നത്.


Click it and Unblock the Notifications