മേഘ്‌നയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞിട്ട് ആഴ്ചകൾ! ഭര്‍ത്താവിന്റെ വിയോഗത്തില്‍ ആശ്വാസവുമായി താരങ്ങള്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് കന്നഡത്തിലെ യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത എത്തുന്നത്. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ആണ് ചിരഞ്ജീവി. രണ്ട് വര്‍ഷം മുന്‍പ് വലിയ ആഘോഷത്തോടെയാണ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം നടത്തിയത്. അടുത്തിടെ ഇരുവരും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.
Recommended Video
എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് താരം മരണത്തിന് കീഴടങ്ങിയത്. ചിരഞ്ജീവിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. പ്രമുഖരായ പല താരങ്ങളും അനുശോചനം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും പൃഥ്വിരാജും ഇന്ദ്രജിത്തുമടക്കം നിരവധി ആളുകളാണ് ചിരഞ്ജീവിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച താരത്തെ ബാംഗ്ലൂര്‍ ജയനഗറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 7 നായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങുകയായിരുന്നു. കന്നഡയില്‍ നിന്നും അടുത്ത സൂപ്പര്‍താര പദവിയിലേക്ക് ഉയരേണ്ട താരത്തിന്റെ വിയോഗ വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കി. 2009 ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലാണ് ചിരഞ്ജീവി ആദ്യമായി അഭിനയിക്കുന്നത്. ആട്ടഗര എന്ന ചിത്രത്തിലൂടെ മേഘ്‌നയ്‌ക്കൊപ്പം അഭിനയിച്ചതോടെ പ്രണയത്തിലായി.

2018 ഏപ്രില്‍ 29 നായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവിയും വിവാഹിതരാവുന്നത്. വളരെയേറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു താരവിവാഹം നടക്കുന്നത്. ആദ്യം ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ചും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ മേഘ്‌നയുടെ വിവാഹം കേരളത്തിലും വലിയ വാര്‍ത്തയായി. കഴിഞ്ഞ മാസമാണ് ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം. വിവാഹ ദിവസത്തെ വീഡിയോ ആയിരുന്നു വാര്‍ഷിക ദിനത്തില്‍ നടി പങ്കുവെച്ചത്. ഇതിന് താഴെ ഒത്തിരി ആരാധകരാണ് അനുശോചനം രേഖപ്പെടുത്തി എത്തുന്നത്.

ചിരഞ്ജീവി സര്‍ജയുടെ പെട്ടെന്നുള്ള മരണം കേട്ടപ്പോള്‍ എന്നെയത് വളരെയധികം തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. മേഘ്‌നയ്ക്കും കുടുംബത്തിനും ഈ ഞെട്ടലില്‍ നിന്നും സങ്കടത്തില്‍ നിന്നും വേഗം കര കയറുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ ചിരഞ്ജീവിയുടെ ഫോട്ടോയും പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു. 'നിങ്ങളെ മിസ് ചെയ്യുന്നു ഭായ്' എന്നായിരുന്നു നടി നസ്രിയ എഴുതിയത്.

ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത എനിക്കും ഞെട്ടലുണ്ടാക്കി. പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ തളര്‍ന്ന മേഘ്‌ന്ക്കും കുടുംബത്തിനും ഇതില്‍ നിന്നും കരകയറുവാനുള്ള ധൈര്യവും ശക്തിയും വേഗം ഉണ്ടാവട്ടെ. എന്റെ പ്രാര്‍ഥനകളുണ്ടാവും. ഒപ്പം ഹൃദയത്തില്‍ നിന്നുള്ള അനുശോചനവും രേഖപ്പെടുത്തുന്നു. എന്നാണ് നടന്‍ ഇന്ദ്രജിത്ത് എഴുതിയത്. ഇന്ദ്രന്റെ പോസ്റ്റ് പൂര്‍ണിമ കൂടി ഷെയര്‍ ചെയ്തിരുന്നു.

മാത്രമല്ല ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി നടന്‍ മുന്നയും എത്തിയിരുന്നു. 'അവനെ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ? സിസിഎല്‍ മത്സരത്തില്‍ കര്‍ണാടകത്തിന് വേണ്ടി കളിച്ചിരുന്നു. മാത്രമല്ല എന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു' എന്ന് മുന്ന പറയുന്നു. തീര്‍ച്ചയായും ഓര്‍മ്മയുണ്ട്. വലിയ ഷോക്ക് ഉണ്ടാക്കിയ ന്യൂസ് ആണിതെന്ന് ഇന്ദ്രജിത്ത് മറുപടിയും കൊടുത്തു.


Click it and Unblock the Notifications