ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിരാജിനോട് ബഹുമാനം തോന്നിയ നിമിഷം, മഞ്ജു വാര്യര്‍ പറയുന്നു
ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ലൂസിഫര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ജോലി ചെയ്ത അനുഭവം മഞ്ജു വാര്യര്‍ പങ്കുവച്ചു.
പൃഥ്വിരാജ് എന്ന അഭിനേതാവിനൊപ്പവും സംവിധായകനൊപ്പവും ജോലി ചെയ്യുമ്പോഴുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നു ചോദ്യം. പൃഥ്വിരാജിനെ പല പരിപാടികളിലും വച്ച് കണ്ടിട്ടുണ്ടെങ്കിലും അടുത്ത സംസാരിച്ചത് ലൂസിഫറിന്റെ സെറ്റില്‍ വച്ചാണ്. മാത്രമല്ല രാജുവിനൊപ്പം അഭിനയിച്ചിട്ടുമില്ല. അതുകൊണ്ട് അത്തരമൊരു താരതമ്യം നടത്താന്‍ അറിയില്ല എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

പൃഥ്വിരാജ് എന്ന നടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന തോന്നല്‍ ഷൂട്ടിങ് തുടങ്ങി ഒറ്റ ദിവസം മാത്രമേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. രണ്ടാം ദിവസം മുതല്‍ ആ തോന്നല്‍ മാറി. ഒരുപാട് പരിചയ സമ്പന്നതയും പക്വതയുമെത്തിയ സംവിധായകനൊപ്പം ജോലി ചെയ്യുന്ന അനുഭവമാണ് പിന്നീടുണ്ടായത്.
എനിക്ക് പൃഥ്വിരാജിനോട് ഏറ്റവും ബഹുമാനം തോന്നിയ കാര്യം അദ്ദേഹത്തിന്റെ വ്യക്തതയിലാണ്. എന്താണ് തനിക്ക് വേണ്ടത് എന്ന് രാജുവിന് കൃത്യമായി അറിയാം. രാജു ഒരു നടനായതുകൊണ്ട് തന്നെ അഭിനേതാക്കള്‍ക്ക് അവരുടെ സ്വാതന്ത്രം നല്‍കാറുണ്ട്. ഉദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കില്‍ അഭിനയിച്ച് കാണിച്ചു തരികയും ചെയ്യും. വളരെ അധികം ആത്മവിശ്വാസവും സംവിധാനം ചെയ്യുമ്പോള്‍ രാജുവിനുണ്ട്. അത് കാണുമ്പോള്‍ നമുക്കും അഭിനയിക്കാന്‍ ആത്മവിശ്വാസമുണ്ടാവും- മഞ്ജു വാര്യര്‍ പറഞ്ഞു.


Click it and Unblock the Notifications