ദുല്‍ഖര്‍ അല്ല, മോഹന്‍ലാലിനൊപ്പം പൃഥ്വി തന്നെ
ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിയ്ക്കുന്നു, മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നു. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന ഈ കൂടിച്ചേരല്‍. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു യുവതാരം ചിത്രത്തില്‍ ഉണ്ടാകുമെന്നും അത് ദുല്‍ഖറോ പൃഥ്വിയോ ആയിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ വാര്‍ത്ത വരുമ്പോള്‍ നറുക്ക് വീണിരിക്കുന്നത് പൃഥ്വിക്കാണ്.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വളരെ പ്രധാന്യമുള്ള വേഷത്തില്‍ തന്നെയാണ് പൃഥ്വിയും എത്തുന്നത്. ദുബായില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന രണ്ട് പേരുടെ കഥയാണ് കനല്‍. രണ്ട് പേരും പ്രതികാര ബുദ്ധിയോടെയാണ് തിരിച്ചെത്തുന്നത്. എന്നാല്‍ ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ബന്ധവുമില്ലാതിരുന്നവര്‍ നാട്ടില്‍ എത്തിയതോടെയാണ് ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയുന്നത്.

നേരത്തെ പത്മകുമാറിന്റെ അമ്മക്കിളിക്കൂട്, വര്‍ഗ്ഗം, വാസ്തവം എന്നീ ചിത്രങ്ങളില്‍ പൃഥ്വി വേഷമിട്ടിട്ടുണ്ട്. വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പത്മകുമാറിന്റെ ശിക്കാറിലാണ് ലാല്‍ നേരത്തെ വേഷമിട്ടത്. ചിത്രം മികച്ച വിജയമായിരുന്നു.
ശിക്കാറിന് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് ബാബുവാണ് കനലിനും തിരക്കഥയെഴുതുന്നത്. ചിത്രത്തിലെ നായികമാരെയും മറ്റ് അണിയറപ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. ശിക്കാറിന് ശേഷം തകര്‍ച്ചയിലേക്ക് മാത്രം പോയ പത്മകുമാറിന് കനല്‍ ഒരു നിലനില്‍പിന്റെ പ്രശ്‌നം കൂടെയാണ്.
നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചതോടെ പ്രതീക്ഷ ആസ്ഥാനത്തായി. പിന്നെ കേട്ടു പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി ചെയ്യുന്ന പിക്കറ്റ് 43 യില്‍ ഒരു അതിഥി താരമായി ലാല്‍ എത്തുന്നുണ്ട് എന്ന്. എന്നാല്‍ അത് വെറും കിംവദി മാത്രമായിരുന്നു. കനലിലൂടെ ആ പ്രതീക്ഷ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications