പൃഥ്വിരാജും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു! പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍
ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് പൃഥ്വിരാജും ലാല്‍ജോസും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.

ലാല്‍ജോസിന്റെ എറ്റവും പുതിയ ചിത്രമായ നാല്‍പത്തിയൊന്നിന്റെ വിജയാഘോഷ വേളയിലായിരുന്നു നടന്റെ പ്രഖ്യാപനം. പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സിനിമയുടെ വിജയാഘോഷം നടന്നത്. പൃഥ്വിയെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് നാല്‍പത്തിയൊന്നിന്റെ കഥയെഴുതിയ പിഗി പ്രഗീഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയിലൂടെയാണ് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലാല്‍ജോസിന് ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സും എല്ലാവരും സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു.


Click it and Unblock the Notifications