മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ എന്തുകൊണ്ട് വൈകുന്നു, കാര്യം വ്യക്തമാക്കി പൃഥ്വിരാജ്
മോഹന്‍ലാലിനെ നാകനാക്കി പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ഉണ്ടാവില്ലേ എന്ന്. ലൂസിഫറിന്റെ പ്രമോഷന്‍ പരിപാടികളില്‍ അന്നേ അങ്ങനെയൊരു സിനിമയെ കുറിച്ചുള്ള തന്റെ ആഗ്രഹം പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
ലൂസിഫറിന് ശേഷം എനിക്കൊരു ഡേറ്റ് തരില്ലേ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അത് എന്നേ തന്നിരിക്കുന്നു എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ പ്രതികരണം. അത് കേട്ടതുമുതല്‍ ആരാധകരും അക്ഷമരായി കാത്തിരിയ്ക്കുകയാണ്. പൃഥ്വി ലൂസിഫറിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എന്തുകൊണ്ട് മമ്മൂട്ടി ചിത്രം വൈകുന്നു എന്നാണ് ആരാധകരുടെ ചോദ്യം.

റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആരാധകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം പൃഥ്വിരാജ് വ്യക്തമാക്കി. മമ്മൂക്കയെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സബ്ജക്ട് മനസ്സിലുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ. മമ്മൂക്കയുടെ അടുത്തോ ലാലേട്ടന്റെ അടുത്ത ഒരു ഡേറ്റിനായി പോവുമ്പോള്‍ സബ്ജക്ട് മാത്രം പോര. തിരക്കഥയുമായി സമീപിയ്ക്കുന്നതാണ് എന്റെ രീതി.
ഒരു സിനിമ ചെയ്യുന്നു എന്ന് ലാലേട്ടനോടും ആന്റണി ചേട്ടനോടും പറഞ്ഞിരുന്നു എന്നല്ലാതെ എന്താണ് സിനിമ എന്ന് പറഞ്ഞിരുന്നില്ല. പിന്നീട് തിരക്കഥ തയ്യാറായ ശേഷമാണ് കഥ പറയാന്‍ പോയത്. മമ്മൂക്കയുടെ അടുത്തും തിരക്കഥ തയ്യാറായ ശേഷം മാത്രമേ കഥ പറയാന്‍ ചെല്ലുകയുള്ളൂ. കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. അതിലേക്ക് എത്തപ്പെടാന്‍ എനിക്ക് നല്ല പ്രയത്‌നം ആവശ്യമാണ്- പൃഥ്വിരാജ് പറഞ്ഞു


Click it and Unblock the Notifications











