ആടിനെ വിടാനായില്ലേ എന്ന് പൃഥ്വിയോട് ആരാധകര്‍! പുസ്തക വായനയില്‍ മുഴുകി താരം! ചിത്രം വൈറല്‍
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദ്ദാനിലായിരുന്നു നടന്നത്. ജോര്‍ദ്ദാനിലെ ഷൂട്ടിംഗിന് ശേഷം അടുത്തിടെയാണ് പൃഥ്വിയും സംഘവും നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയ്ക്കായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വി കുറച്ചത്.
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുത്ത കാര്യം പൃഥ്വി പങ്കുവെച്ചിരുന്നു. ഇതിന്റെ ചിത്രം നടന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നത്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിലവില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ് താരം. ക്വാറന്റൈന്‍ സമയത്തെ വിശേഷങ്ങള്‍ പൃഥ്വി പങ്കുവെക്കാറുണ്ട്.

പൃഥ്വിരാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ പുസ്തകം വായിക്കുന്നതിന്റെ ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചത്. ലോകമെങ്ങും നിരവധി വായനക്കാരുളള ജാപ്പനീസ് എഴുത്തുകാരന്‍ ഹരൂക്കി മുറകാമിയുടെ പ്രശസ്തമായ എ വൈല്‍ഡ് ഷീപ്പ് ചെയ്‌സ് എന്ന പുസ്തകത്തിന്റെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറന്റൈനീല്‍ കഴിയുന്ന താരം കൊച്ചി കായലിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ ശേഷം വര്‍ക്കൗട്ടിനൊപ്പം പുസ്തക വായനയ്ക്ക് കൂടി പ്രാധാന്യം നല്‍കിയിരിക്കുകയാണ് താരം. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ കമന്റും ലൈക്കുകളുമായി ആരാധകരും എത്തിയിരുന്നു.

ആടിനെ ഇതുവരെ വിടാനായില്ലേ എന്നാണ് പൃഥ്വി വായിക്കുന്ന പുസ്തകത്തിന്റെ ചിത്രം കണ്ട് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. കോവിഡിന് മുറകാമിയാ ബെസ്റ്റ് എന്ന് മറ്റൊരാളും കമന്റ് ചെയ്തിരിക്കുന്നു. ഒരു ക്വാറന്റൈന്‍ അപാരത, ഇല്യൂമിനാറ്റി പാര്‍ട്ട് 2 വല്ലോ മനസ്സിലുണ്ടോ എന്നുമാണ് മറ്റ് കമന്റുകള്‍. നോര്‍വീജിയന്‍ വുഡ് കൂടി വായിക്കൂ എന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

നിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം ഇനിയുളള ആഴ്ച വീടിനടുത്തുളള ഔട്ട് ഹൗസിലാണ് താമസിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ മേയ് 22നായിരുന്നു പൃഥ്വിയും സംഘവും ജോര്‍ദ്ദാനില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയത്. പൃഥ്വിയും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടുന്ന 58 അംഗ സംഘമാണ് ആടുജീവിതം ഷൂട്ടിംഗിന് ശേഷം തിരിച്ചെത്തിയത്. നേരത്തെ പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ മേനോനും പങ്കുവെച്ചിരുന്നു. തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുളള നന്ദി രേഖപ്പെടുത്തുന്നു എന്നും താരപത്നി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications











