അഭിനയവും നിര്‍മാണവുമായി പൃഥ്വി സജീവം
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ആന്റി ക്രൈസ്റ്റ് പൃഥ്വിരാജിന്റെ കമ്പനി നിര്‍മിക്കും. പൃഥ്വിയും ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നുള്ള ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശീതള്‍ മേനോന്‍ ആണ് നായിക.
കഴിഞ്ഞവര്‍ഷം ചിത്രീകരണം തുടങ്ങേണ്ട ചിത്രമായിരുന്നു ആന്റി ക്രൈസ്റ്റ്. ആമേന്‍ എന്ന ചിത്രത്തിനു ശേഷം ലിജോ ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലറാണ്. പൃഥ്വിയും ഫഹദും ആദ്യമായിട്ടാണ് ഒന്നിച്ചഭിനയിക്കുന്നത്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ ഫഹദ് ഗസ്റ്റ് റോളില്‍ വന്നിരുന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്.

അഭിനയത്തോടൊപ്പം നിര്‍മാണവും സജീവമായി കൊണ്ടുപോകാന്‍ തന്നെയാണ് പൃഥ്വിയുടെ തീരുമാനം. ഈ വര്‍ഷം മൂന്നു ചിത്രങ്ങളാണ് ഓഗസ്റ്റ് ഫിലിംസ് വിതരണത്തിനെത്തിക്കുന്നത്. പൃഥ്വി നായകനാകുന്ന ശ്യാധറിന്റെ സെവന്‍ത് ഡേ ആദ്യം തിയറ്ററിലെത്തിക്കും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസ് ചെയ്യുന്നതും പൃഥ്വിയുടെ കമ്പനി തന്ന. ഈ ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദാണ്. അമല്‍ നീരദ് നിര്‍മിക്കുന്ന ഇയോബിന്റെ പുസ്തകം എന്ന സിനിമയും വിതരണത്തിനെടുത്തിരിക്കുന്നത് ഓഗസ്റ്റ് ഫിലിംസ് തന്നെ.
പൃഥ്വി നായകനായ ഉറുമിയിലൂടെയാണ് ഓഗസ്റ്റ് ഫിലിംസിന്റെ തുടക്കം. പിന്നീട് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നിവയും നിര്‍മിച്ചു. മലയാള സിനിമയില്‍ എല്ലാരീതിയിലും സ്വാധീനം ഉറപ്പിക്കാന്‍ തന്നെയാണ് പൃഥ്വിയുടെയും തീരുമാനം.


Click it and Unblock the Notifications











