പൃഥ്വിരാജിന് റാഫി മെക്കാര്‍ട്ടിന്റെ രചന
സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകരാണ് പൃഥ്വിരാജിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയത്. ലാല്‍ ജോസും ഷാഫിയും തങ്ങളുടെ പതിവ് ശൈലി വിട്ട് നടത്തിയ പരീക്ഷണങ്ങള്‍ പൃഥ്വിരാജിന് ഗുണം ചെയ്തു.
ഇവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതോടെ പൃഥ്വിരാജിന് അതുവരെയുള്ള സിനിമകളില്‍ നിന്നു വേറിട്ടൊരു ഇമേജ് ലഭിക്കുകയായിരുന്നു. അഭിനയിച്ചവയില്‍ ഏറിയ പങ്കും പരാജയങ്ങളെന്ന ഗതികേടില്‍ നിന്ന് പൃഥ്വിരാജ് രക്ഷപ്പെട്ടു.
ഷാഫിയുടെ ചോക്ലേറ്റ് വിജയിച്ചതോടെ അത്തരം സിനിമകള്‍ ഇനിയും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ്. ആ പ്രതീക്ഷ തെറ്റുന്നുമില്ല. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി വേഷമിടുന്നു.
ഷാഫിക്കു വേണ്ടി റാഫി മെക്കാര്‍ട്ടിന്‍ ഒടുവിലായി തിരക്കഥയെഴുതിയ ചിത്രം മായാവിയാണ്. കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയമായിരുന്നു മായാവി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി സൂപ്പര്‍ഹിറ്റാക്കിയിട്ടുള്ള റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പ്രതീക്ഷകളേറെയാണ്.
ഇപ്പോള്‍ പൃഥ്വിരാജ് മലയാളചിത്രം തലപ്പാവ്, തമിഴ് ചിത്രം വെള്ളിത്തിര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ്.


Click it and Unblock the Notifications











