അന്ന് എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായകനായി ഉയര്‍ന്ന താരമാണ് പൃഥ്വിരാജ്. 17 വര്‍ഷം നീണ്ട കരിയറിനിടെ നൂറിലധികം സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. മലയാളത്തിനൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങളിലും പൃഥ്വി തിളങ്ങിയിരുന്നു. മലയാളത്തില്‍ എല്ലാ തരം ചിത്രങ്ങളിലും നായകവേഷത്തില്‍ എത്തിയ താരം കൂടിയാണ് പൃഥ്വി.
മുന്‍പ് തന്റെ ഇംഗ്ലീഷ് പദപ്രയോഗവും പല ഘട്ടത്തിലുമെടുത്ത നിലപാടുകള്‍കൊണ്ടുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് പൃഥ്വിക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്രമം രൂക്ഷമായിരുന്ന കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. തന്റെ ഹിറ്റ് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ റിലീസ് സമയം ഉണ്ടായ ഒരനുഭവമാണ് പൃഥ്വി പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2011ലായിരുന്നു ഇന്ത്യന്‍ റുപ്പി പുറത്തിറങ്ങിയിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജിന് മുന്‍പ് പങ്കാളിത്തമുണ്ടായിരുന്ന ആഗസ്റ്റ് സിനിമാസായിരുന്നു നിര്‍മ്മിച്ചത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ സറ്റൈറിക്കല്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു. സിനിമയിലെ ജയപ്രകാശ് എന്ന പൃഥ്വിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

രഞ്ജിത്ത് തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ തിലകന്‍, ജഗതി ശ്രീകുമാര്‍, ടിനി ടോം, റിമ കല്ലിങ്കല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. തനിക്ക് എറ്റവും ആശ്വാസം പകര്‍ന്ന ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പിയെന്നാണ് അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്. റിലീസിങ് സമയത്ത് പല തിയ്യേറ്ററുകളിലും കൂവല്‍ നേരിട്ട ചിത്രം സൂപ്പര്‍ഹിറ്റായതിനെക്കുറിച്ചും പറയുകയാണ് പൃഥ്വി.

എനിക്കെതിരായ സൈബര്‍ ആക്രമണം കൂടിയ സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നതെന്ന് നടന്‍ പറയുന്നു. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തിയ്യേറ്ററുകളിലും കൂവലാണെന്ന് പല ഫോണ്‍ കോളുകളിലൂടെയും ഞാനറിഞ്ഞു. അവര്‍ എന്നെ വെറുക്കുന്നുവെന്നും അത് കൂവലിലൂടെ പ്രകടിപ്പിക്കുകയാണെന്നും അന്ന് എനിക്ക് മനസിലായി.

പക്ഷേ ആ ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മനസിലായി. അന്ന് തൊട്ട് അതുതന്നെയാണ് താന്‍ ചെയ്തിട്ടുളളതെന്നും പൃഥ്വി അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞു. തന്റെ എറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടന്‍. ക്രിസ്മസിനാണ് പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











