റിലീസിങ്ങിനൊരുങ്ങി പൃഥ്വിയുടെ മൈസ്റ്റോറി! ചിത്രത്തിന്റെ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ ടീസര്‍ പുറത്ത്!
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരജോഡികളാണ് പൃഥിരാജും പാര്‍വ്വതിയും. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മൈസ്‌റ്റോറി.
നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലാണ് സംവിധായിക ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മൈസ്റ്റോറിയില്‍ ജയ്,താര എന്നീ കഥാപാത്രങ്ങളായാണ് പൃഥ്വിയും പാര്‍വതിയും എത്തുന്നത്. തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തിനില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നത്.

രണ്ട് കാലഘട്ടങ്ങളിലൂടെയുളള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എന്തിരന്‍,ലിംഗ തുടങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്ക് ചായാഗ്രഹണം നിര്‍വ്വഹിച്ച ആര്‍ രത്‌നവേലുമാണ് മൈസ്‌റ്റോറിയുടെ ക്യാമറ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ മേക്കിങ്ങ് വീഡിയോയും ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ചിത്രീകരണം പൂര്‍ത്തിയായ മൈസ്റ്റോറി റിലീസിങ്ങിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെതായി ഇന്നലെ പുറത്തിറങ്ങിയ ഒരു ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫിഫാ ഫീവര്‍ എന്ന പേരിലുളെളാരു ടീസറാണ് ഇറങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മൈസ്‌റ്റോറിയുടെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലുളള ഒരു ടീസറാണ് ചിത്രത്തിന്‌റെതായി പുറത്തുവന്നിരിക്കുന്നത്.


Click it and Unblock the Notifications