»   » പൃഥ്വിരാജ് പടങ്ങളുടെ എണ്ണം കുറയ്ക്കുന്നു

പൃഥ്വിരാജ് പടങ്ങളുടെ എണ്ണം കുറയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj

മലയാളത്തിലെന്നപോലെ ബോളിവുഡിലും ചുവടുറപ്പിച്ച് തുടങ്ങുകയാണ് പൃഥ്വിരാജ്, ആദ്യ ചിത്രമായ അയ്യ പ്രതീക്ഷിച്ചത്ര വലിയ വിജയമായില്ലെങ്കിലും ബോളിവുഡിന് പൃഥ്വിയെ പിടിച്ചമട്ടാണ്, രണ്ടാമത്തെ ചിത്രമായ ഔറംഗസേബും അധികം മോശമല്ലാത്തചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. ഇനി അണിയറയില്‍ പൃഥ്വിയുടേതായി മറ്റ് ചില പടങ്ങള്‍ തയ്യാറാകുന്നുമുണ്ട്.

മലയാളത്തിലെ കാര്യം നോക്കുകയാണെങ്കില്‍ ഇത് പൃഥ്വിയുടെ വര്‍ഷമാണെന്ന് പറയാം. സെല്ലു ലോയ്ഡ് മുതല്‍ മുംബൈ പൊലീസ് വരെയുള്ള പൃഥ്വിചിത്രങ്ങള്‍ ഒട്ടും നിരാശപ്പെടുത്തുന്നില്ല, മലയാളത്തിന്റെ വരും നാളുകള്‍ പൃഥ്വിയുടേത് കൂടിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇനി തമിഴില്‍ ഒന്നുകൂടി പയറ്റാനായി പൃഥ്വി തയ്യാറെടുക്കുകയാണ്. നല്ലൊരു തിരക്കഥ താരത്തെത്തേടിയെത്തിയിട്ടുണ്ട്.

പലഭാഷകളിലായി അവസരങ്ങള്‍ പൃഥ്വിയെക്കാത്ത് കിടക്കുകയാണ്, പക്ഷേ വളരെ സൂക്ഷിച്ച് മുന്നോട്ടുപോകാനാണ് താരത്തിന്റെ തീരുമാനം. മലയാളത്തില്‍ വര്‍ഷത്തില്‍ രണ്ടില്‍ക്കൂടുതല്‍ പടം ചെയ്യുന്നില്ലെന്നാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും കിട്ടുന്ന അധികസമയം ബോളിവുഡിന് വേണ്ടി വിനിയോഗിക്കാനാണത്രേ താരം ലക്ഷ്യമിടുന്നത്.

മലയാളത്തില്‍ മികച്ച തിരക്കഥയും അഭിനയപ്രധാന്യവുമുള്ള വേഷങ്ങള്‍ക്കാണ് താന്‍ കാത്തിരിക്കുന്നതെന്നും ബോളിവുഡില്‍ കൂടുതല്‍ കമേഴ്‌സ്യല്‍ പടങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പൃഥ്വി പറയുന്നു. ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ ആണ് ബോളിവുഡില്‍ ഇറങ്ങാനിരിക്കുന്ന അടുത്ത പൃഥ്വി ചിത്രം. ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവരെല്ലാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അഭിനയത്തിനൊപ്പം സിനിമയ്ക്ക് പിന്നിലെ കച്ചവടത്തിലും പൃഥ്വി ശ്രദ്ധ ചെലുത്തുന്നുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. മമ്മൂട്ടി-രഞ്ജിത് ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. ചില ചിത്രങ്ങള്‍ ഈ നിര്‍മ്മാണകമ്പനി വിതരണം ചെയ്തിട്ടുമുണ്ട്. അതിനിടെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ അവകാശം പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. പ്രതാപ് പോത്തന്‍ ചെയ്ത വേഷത്തില്‍ അമിതാഭ് ബച്ചനെ കൊണ്ടുവന്ന് ചിത്രം ഹിന്ദിയിലെടുക്കുകയാണ് പൃഥ്വിയുടെ ലക്ഷ്യമെന്നാണ് സൂചന.

English summary
Actor Prithviraj decided to be selective in Malayalam to get good scripts and charachters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam