അനുശ്രീ ചിത്രം ഓട്ടര്‍ഷയുടെ മേക്കിങ് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്! കാണൂ
നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി ഉയര്‍ന്ന താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ സിനിമയിലെത്തിയിരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി മികച്ച പ്രകടനം കാഴ്ചവെച്ച അനുശ്രീ തുടര്‍ന്നും വ്യത്യസ്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രമായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ജയറാമും ചാക്കോച്ചനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു അനുശ്രീ അവതരിപ്പിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളിലൊന്നാണ് പഞ്ചവര്‍ണ്ണ തത്ത. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷമുളള അനുശ്രീയുടെ പുതിയ ചിത്രം ചായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സിനിമയിലാണ്. ഓട്ടര്‍ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. സിനിമയ്ക്കായി അനുശ്രീ ഓട്ടോ പഠിക്കുന്ന വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
ഓട്ടോറിക്ഷയിലെ സ്ഥിരം യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജയരാജ് മിശ്രയാണ് ഓട്ടര്‍ഷയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഓട്ടര്‍ഷയുടെ മേക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നടന്‍ പൃഥിരാജാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സുജിത്ത് വാസുദേവിന്റെ തന്നെ ചിന്തയില്‍ ഉണ്ടായ ആശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇത്തരമൊരു രീതി പരീക്ഷിച്ചിരിക്കുന്നത്.


Click it and Unblock the Notifications