പൃഥ്വിരാജിന്റെ മകളുടെ പേരിലെ ജാതിപ്പോര്: പൃഥ്വി പറയുന്നു
താനും സുപ്രിയയും മകള്‍ക്ക് അലംകൃത മേനോന്‍ പൃഥ്വിരാജ് എന്ന് പേരിട്ടു എന്ന് പറഞ്ഞ് പൃഥ്വിരാജ് ഒരു പോസ്റ്റ് ഇട്ടപ്പോഴേക്കും പേരും പേരിലെ മേനോനും ചര്‍ച്ചയായി. പൃഥ്വിരാജ് മേനോനാണോ, പേരിനൊപ്പം എങ്ങനെ പൃഥ്വി ജാതി എടുത്തുകാട്ടും തുടങ്ങിയ തരത്തില്‍ പോയ ചര്‍ച്ച ആരാണ് മേനോന്‍ എന്ന് വരെ എത്തി.
പേരിലെ മേനോനെ തിരക്കി അന്വേഷണം വന്നപ്പോള്‍ വിശദീകരണവുമായി പൃഥ്വി മറ്റൊരു പോസ്റ്റിറക്കി. മകളുടെ പേരില്‍ എങ്ങനെ മേനോന്‍ കയറിക്കൂടെ എന്ന് പൃഥ്വി രണ്ടാമത്തെ പോസ്റ്റില്‍ വിശദീകരിക്കുന്നു.

ജാതി വ്യവസ്ഥയ്‌ക്കെതിരെയും അതിന്റെ പേരിലുണ്ടാകുന്ന വിവേചനത്തിനെതിരെയും പരസ്യമായി പ്രതികരിച്ചവനാണ് ഞാന്‍. അതേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. സുപ്രിയ ഒരു മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുന്ന കാലത്ത് മിസ് മേനോന്‍ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഇപ്പോഴും ചിലര്‍ ആ പേര് തന്നെ വിളിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എന്നെ സംബന്ധിച്ച് മേനോന്‍ എന്നത് ഒരു പേര് മാത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
അലംകൃത സുപ്രിയ പൃഥ്വിരാജ് എന്ന് പേരിടാന്‍ തീരുമാനിച്ചെങ്കിലും മൂന്ന് ഒന്നാം പേരുകള്‍ ഒന്നിച്ചു വന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. അലംകൃത പൃഥ്വിരാജ് എന്ന പേരിനോടായിരുന്നു എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍ ആണ്‍കോയ്മ ഇഷ്ടപ്പെടാത്തതിനാല്‍ അത് ഒഴിവാക്കി. മാത്രവുമല്ല മകളുടെ പേരില്‍ അമ്മയുടെ പേര് ഉണ്ടാകണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് അലംകൃത മേനോന്‍ പൃഥ്വിരാജ് എന്നായത്. അല്ലാതെ അതിന് ജാതിയോ മതമോ വിശ്വാസമോ ആയി യാതൊരു ബന്ധവുമില്ല.
വിവാദങ്ങള്‍ ഇതോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ മകള്‍ വളര്‍ന്നു ബുദ്ധിമതിയായി, ഉത്തരവാദിത്വമുള്ള, സാമൂഹ്യ ബോധമുള്ള സ്ത്രീയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ് അവസാനിക്കുന്നത്.


Click it and Unblock the Notifications