ആടുജീവിതം ഫാന്‍മേഡ് പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! തരംഗമായി ചിത്രം
പൃഥ്വിരാജ് സുകുമാരന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടൂജിവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയുടെ ജോലികള്‍ നടന്നുവരികയാണ്.

ആടൂജിവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വിരാജ് നേരത്തെ എടുത്തത്. ശരീരഭാരം നന്നായി കുറച്ചും താടിയും മുടിയും നീട്ടിയുമാണ് സിനിമയില്‍ നടന്‍ അഭിനയിച്ചിരുന്നത്. പൃഥ്വിരാജിന്റെ കരിയറില്‍ വലിയ വഴിത്തിരിവാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അതേസമയം ആടുജീവിതത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഫാന്‍മേഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
പോസ്റ്റര്‍ ഡിസൈനറായ വിഷ്ണു നാരായണന്‍ ആണ് ആടുജീവിതം ഫാന്‍മേഡ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ആടുജീവിതം ട്രിബ്യൂട്ട് പോസ്റ്റ് എന്ന് പറഞ്ഞാണ് വിഷ്ണു ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്നും പോസ്റ്ററിനൊപ്പം വിഷ്ണു കുറിച്ചിരിക്കുന്നു.
അതേസമയം നേരത്തെ കൊറോണ സമയത്തും ഷൂട്ടിംഗ് നടന്ന മലയാള ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ആടുജീവിതം. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി കോവിഡ് വ്യാപനമുണ്ടായത്. ഇത് ആടുജീവിതം ഷൂട്ടിംഗ് നിര്‍ത്തിവെക്കുവാന്‍ കാരണമായിരുന്നു. തുടര്‍ന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്. ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ വെച്ചായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം നടന്നത്.
പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം ഇനിയും ഉളളതിനാല്‍ ചിത്രം വീണ്ടും വൈകാനാണ് സാധ്യത.
അമലാ പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ കേരളത്തിലായിരുന്നു നടന്നത്. തുടര്‍ന്നാണ് ചിത്രീകരണ സംഘം ജോര്‍ദ്ദാനിലേക്ക് പോയത്. ആടൂജീവിതത്തിനായി പൃഥ്വിയെ പോലെ തന്നെ സംവിധായകന്‍ ബ്ലെസിയും വലിയ തയ്യാറെടുപ്പുകളായിരുന്നു നേരത്ത എടുത്തത്.


Click it and Unblock the Notifications