'ഗോള്‍ഡില്‍' അഭിനയിക്കുന്നതിന് മുന്‍പ് ഗോള്‍ഡന്‍ വിസ, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍
മലയാള സിനിമകള്‍ക്ക് എന്നും മികച്ച വരവേല്‍പ്പ് ലഭിക്കാറുളള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. മലയാളികള്‍ കൂടുതല്‍ ഉളളതുകൊണ്ട് തന്നെ മിക്ക മോളിവുഡ് സിനിമകളും ഇവിടെ റിലീസ് ചെയ്യാറുണ്ട്. സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മലയാളി താരങ്ങളെല്ലാം ദുബായില്‍ സ്ഥിരമായി എത്താറുണ്ട്. അടുത്തിടെയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത്. സൂപ്പര്‍ താരങ്ങള്‍ ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ടൊവിനോ തോമസും അടുത്തിടെ യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി എത്തി. ടൊവിനോയ്ക്ക് പുറമെ ദുബായില്‍ ജോലി ചെയ്യുന്ന താരങ്ങളായ നൈല ഉഷ, മിഥുന്‍ രമേഷ് തുടങ്ങിയവരും ഗോള്‍ഡന്‍ വിസ നേടിയവരാണ്. പത്ത് വര്‍ഷം കാലാവധിയുളളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. മലയാളി താരങ്ങളില്‍ എറ്റവുമൊടുവിലായി പൃഥ്വിരാജ് സുകുമാരനും ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്.
പൃഥ്വിരാജ് തന്നെയാണ് ദുബായില്‍ നിന്നുളള ചിത്രം പങ്കുവെച്ച് പുതിയ സന്തോഷം അറിയിച്ചത്. ഗോള്‍ഡ് എന്ന സിനിമയ്ക്ക് മുന്നോടിയായി ഗോള്‍ഡന്‍ വിസ എന്ന ക്യാപ്ഷനിലാണ് പൃഥ്വിരാജിന്‌റെ പുതിയ പോസ്റ്റ് വന്നത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള സിനിമാരംഗത്ത് നിന്ന് ആദ്യമായി യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്‌റ് വിസയ്ക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സാനിയ മിര്‍സ തുടങ്ങിയവരും മുന്‍പ് ഗോള്‍ഡന്‍ വിസ ലഭിച്ചവരാണ്. അതേസമയം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഗോള്‍ഡിന്‌റെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. പ്രേമം ബ്ലോക്ക്ബസ്റ്ററായ ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് പുതിയ സിനിമയുമായി അല്‍ഫോണ്‍സ് എത്തുന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഗോള്‍ഡ്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഗോള്‍ഡിന് മുന്‍പ് ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയവരെ വെച്ച് പാട്ട് എന്ന ചിത്രം അല്‍ഫോണ്‍സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാട്ടിന് മുന്‍പ് പൃഥ്വിരാജ് ചിത്രവുമായി എത്തുകയാണ് സംവിധായകന്‍. പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ അജ്മല്‍ അമീറും ഗോള്‍ഡില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നേരം, പ്രേമം എന്നീ സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് ഗോള്‍ഡ്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications