സുന്ദര്‍ദാസ് ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു
സല്ലാപം, കുടമാറ്റം തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച സുന്ദര്‍ദാസ് പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കുന്നു. റെജി നായരുടെ തിരക്കഥയിലാണ് പുതിയ ചിത്രം തയ്യാറാവുന്നത്. അറിഞ്ഞിടത്തോളം ഒരു ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. സുന്ദര്‍ദാസ് തന്‍റെ ട്രാക്ക് മാറുന്നതിന്‍റെ തുടക്കമായിരിക്കും ഈ പൃഥ്വിരാജ് ചിത്രമെന്നും സൂചനയുണ്ട്.
പൃഥ്വിയും സുന്ദര്‍ദാസും ഇത് രണ്ടാം തവണയാണ് ഒന്നിക്കുന്നത്. 'കഥ"യായിരുന്നു മുന്പ് ഇവര്‍ ഒന്നിച്ച ചിത്രം. എന്നാല്‍ ആ സിനിമ തിയേറ്ററില്‍ റിലീസായില്ല. ചാനലുകളിലൂടെയാണ് കഥ പ്രേക്ഷകരെ തേടിയെത്തിയത്.
സല്ലാപം, കുടമാറ്റം, വര്‍ണക്കാഴ്ചകള്‍, ആകാശം, കഥ, കണ്ണിനും കണ്ണാടിക്കും തുടങ്ങിയ കുടുംബചിത്രങ്ങളിലൂടെയാണ് സുന്ദര്‍ദാസ് മലയാള സിനിമാപ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചത്.
എന്നാല്‍ ആദ്യ ചിത്രമായ സല്ലാപത്തിന് ശേഷം അതുപോലെയുള്ള ഒരു ഹിറ്റ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
നല്ല തിരക്കഥകളുടെ അഭാവമാണ് സുന്ദര്‍ദാസ് ചിത്രങ്ങളുടെ പരാജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പട്ടാളം, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് റെജി നായര്‍. പൃഥ്വിരാജിനൊപ്പം തമിഴിലെയും മലയാളത്തിലെയും യുവതാരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications