എടിഎം കൊള്ളക്കാരനായി പൃഥ്വിരാജ്
പൊലീസ് വേഷങ്ങള്‍ മാത്രമല്ല, കള്ളന്‍ വേഷവും സൂപ്പര്‍താര പദവിയിലേക്ക് വാതില്‍ തുറന്നെന്നിരിക്കും. ദിലീപ് സൂപ്പര്‍താരമായത് മീശ മാധവനിലൂടെയാണല്ലോ. കരിയറില്‍ പുതിയ ഉയരങ്ങള്‍ സ്വപ്നം കാണുന്ന പൃഥ്വിരാജ് അടുത്തതായി ചെയ്യുന്നതും അത്തരമൊരു വേഷം തന്നെ.
കരിയറിലെ ആദ്യവര്‍ഷങ്ങളില്‍ തന്നെ പൊലീസ് ഓഫീസറായി വേഷമിടാന്‍ അവസരം ലഭിച്ച നടനാണ് പൃഥ്വിരാജ്. ഇതുവരെ മൂന്ന് ചിത്രങ്ങളില്‍ പൃഥ്വിരാജ് കാക്കിയണിഞ്ഞു. ഇനിയണിയുന്നത് കള്ളന്റെ വേഷമാണ്.
ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ ഒരു കള്ളനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. കേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിക്കാന്‍ പ്ലാനിടുന്ന ഒരു കള്ളന്റെ വേഷം. പൃഥ്വിരാജിന്റെ കരിയറില്‍ ഒരു വ്യത്യസ്ത വേഷമായിരിക്കും ഇത്.
പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ചോക്ലേറ്റിന് തിരക്കഥ രചിച്ച സച്ചി-സേതുവാണ് റോബിന്‍ഹുഡിന് രചന നിര്‍വഹിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോബിന്‍ഹുഡ്.
സൂപ്പര്‍താരങ്ങളെ മാത്രം അണിനിരത്തി ചിത്രങ്ങളൊരുക്കുന്ന സംവിധായകനാണ് ജോഷി. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം ദിലീപിനെയും ജോഷി നായകനാക്കി. ഇപ്പോള്‍ ജോഷി പൃഥ്വിരാജിനെയും നായകനാക്കുന്നു. സൂപ്പര്‍താര പദവിയിലേക്കുള്ള വഴിയിലാണോ പൃഥ്വിരാജ്?


Click it and Unblock the Notifications