കഥയുടെ മേഘത്തുമ്പത്ത്.......

സംവിധായകന്‍ അക്‍ബര്‍ അഹമ്മദ് എന്ന കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും അത് ഒരു ഹോളിവുഡ് ചിത്രത്തിന്റെ അനുകരണമാണെന്ന് ആരോപണം നിലനില്‍ക്കെയാണ് അക്‍ബര്‍ തന്റെ രണ്ടാം ചിത്രത്തിന് ഒരുങ്ങുന്നത്.
ഇന്നുവരെ ആരും പറയാത്ത കഥയും, ഇന്നുവരെ ആരും കാണിക്കാത്ത ഫ്രെയിമുകളുമായിരിക്കും അടുത്ത തന്റെ ചിത്രത്തിലുണ്ടാകേണ്ടത് എന്ന് അക്‍ബര്‍ നിശ്ചയിച്ചത് ഈ ആരോപണത്തെ നേരിടാനാണ്. അജയചന്ദ്രന്‍ എന്ന സൂപ്പര്‍താരവും മാളവിക എന്ന നടിയുമായുളള ബന്ധവും അവരുടെ ജീവിതവുമാണ് തന്റെ ലക്ഷ്യത്തിനായി അക്‍ബര്‍ തിരഞ്ഞെടുത്ത കഥ.
കഥ തേടി സഞ്ചരിക്കുന്ന ഒരു സംവിധായകന്റെ കഥയാണ് രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രം പറയുന്നത്. സംവിധായകന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, തിരക്കഥയ്ക്കുളളിലെ കഥയും തിരക്കഥ രൂപപ്പെടുന്ന കഥയും ഈ ചിത്രം കാണികളോട് പറയുന്നു.
കഥ തേടി അക്‍ബറെത്തിയത് പശ്ചിമഘട്ട മലനിരയിലെ സുന്ദരമായ ഒരു ബംഗ്ലാവിലാണ്. തന്റെ ഭാവനയിലുളള കഥാപരിസരം തേടിയുളള യാത്രയിലാണ് അയാള്‍ ഈ ബംഗ്ലാവിലെത്തുന്നത്. ക്ലൗഡ് എന്‍ഡ് എന്ന ഈ ബംഗ്ലാവ് അക്‍ബറിനായി ഒരുക്കി വെച്ചിരുന്ന അനുഭവങ്ങളാണ് തിരക്കഥ പറയുന്നത്.
സംഗീതസ്പര്‍ശമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം. പ്രണയത്തിന് രഞ്ജിത്തിന്റെ തൂലിക മറ്റൊരു ഭാഷ്യമെഴുതുന്നു.
സൂപ്പര്‍താരം അജയ ചന്ദ്രനായി വേഷമിടുന്നത് അനൂപ് മേനോനാണ്.
റഫീഖ് അഹമ്മദ് എഴുതിയ അഞ്ചുഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ശരത്താണ്. ക്ഷണക്കത്ത് എന്ന പ്രണയ ചിത്രത്തിലൂടെ മലയാള സിനിമാ സംഗീത രംഗത്തേയ്ക്ക് കടന്നു വന്ന ശരത്ത് വീണ്ടും ഒരു പ്രണയ ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നു.
ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷത്തില്‍ രഞ്ജിത്തും അഭിനയിക്കുന്നുണ്ട്. അക്‍ബര്‍ അഹമ്മദിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ വേഷം സംവിധായകന്‍ തന്നെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications