»   » പടം പിടിയ്ക്കാന്‍ ബാംഗ്ലൂരില്‍ നിന്നും പ്രിയ

പടം പിടിയ്ക്കാന്‍ ബാംഗ്ലൂരില്‍ നിന്നും പ്രിയ

Posted By: Super
Subscribe to Filmibeat Malayalam
ചലച്ചിത്രനിര്‍മ്മാണ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. അഭിനയരംഗത്തും അണിയറപ്രവര്‍ത്തനരംഗത്തുമെല്ലാം സ്ത്രീസാന്നിധ്യം ശക്തമാണെങ്കിലും സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ നിര്‍മ്മാണമേഖലയില്‍ അധികം സ്ത്രീകളില്ല എന്നു തന്നെ പറയേണ്ടിവരും. ഉള്ളവര്‍ തന്നെ പലപ്പോഴും ഭര്‍ത്താവിനുവേണ്ടിയോ മറ്റോ നിര്‍മ്മാതാവിന്റെ പേര് അടുത്തണിയുന്നവരായിരിക്കും. എന്നാല്‍ ചലച്ചിത്രനിര്‍മ്മാണമേഖലയില്‍ ശക്തമായ സാന്നിധ്യമായിമാറാന്‍ ഒരുങ്ങുകയാണ് ബാംഗ്ലൂര്‍ മലയാളിയായ പ്രിയ പിള്ള.

ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തുന്ന 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ചലച്ചിത്രനിര്‍മ്മാണമേഖലയിലേയ്ക്ക ചുവടുവെയ്ക്കുന്നത്. സഹോദരിയുടെയും തന്റെയും പേര് ചേര്‍ത്ത് പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടുകാരനായ ഡിഎം പിള്ളയും ഗീതയുമാണ് പ്രിയയുടെ അച്ഛനമ്മമാര്‍. അമേരിക്കയില്‍ നിന്നും എന്‍ജനീയറിങില്‍ മാസ്റ്റര്‍ ബിരുദം നേടിയ പ്രിയയ്ക്ക് കുട്ടിക്കാലത്തുതന്നെ സിനിമ വലിയ താല്‍പര്യമുള്ള മേഖലയായിരുന്നു.

ബാംഗ്ലൂരില്‍ സ്‌കൂളില്‍ പഠിയ്ക്കുന്നകാലത്ത് സിനിമ റിലീസ് ചെയ്താല്‍ രണ്ടുമൂന്നു ദിവസത്തിനകം കാണണമെന്ന് നിര്‍ബ്ബന്ധമുള്ളയാളായിരുന്നു പ്രിയ. പരീക്ഷക്കാലങ്ങളില്‍പ്പോലും ഈ ശീലത്തിന് മാറ്റമുണ്ടായില്ല. ഇപ്പോള്‍ ബസിനസില്‍ ഉയര്‍ച്ചയിലെത്തിയപ്പോള്‍ തന്റെ മേഖല സിനിമയിലേയ്ക്ക് കൂടി വ്യാപിപ്പിയ്ക്കുകയാണ് ഇവര്‍.

കന്നഡച്ചിത്രങ്ങളും നിര്‍മ്മിക്കണമെന്നുണ്ടെങ്കിലും ആദ്യ പരീക്ഷണം മലയാളത്തില്‍ത്തന്നെയാകട്ടെയെന്ന് തീരുമാനിയ്ക്കുകയായിരുന്നു ഈ മറുനാടന്‍ മലയാളിയുവതി. മലയാളത്തില്‍ ഇറങ്ങുന്ന കുടുംബചിത്രങ്ങള്‍ തന്നെയാണ് മലയാളസിനിമയോടുള്ള ഇഷ്ടം കൂട്ടുന്നതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പുത്തന്‍ സിനിമാ ട്രെന്‍ഡുകളെ കേരളത്തിലെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന രീതിയും ആശാവഹമാണെന്ന് പ്രിയ പറയുന്നു.

നല്ല സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ മോഹമെന്നും നിര്‍മ്മാണത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോഴാണ് ഈ രംഗത്തെ പലബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നതെന്നും ഇവര്‍ പറയുന്നു. അടുത്ത ചിത്രം കുറേക്കൂടി വലിയ താരനിരയുള്ളതായിരിക്കുമെന്നും നല്ല കഥകളുള്ളവര്‍ക്ക് തന്നെ സമീപിയ്ക്കാമെന്നും ഈ സനിമാപ്രേമി പറയുന്നു. മറ്റേതുമേഖയിലുമെന്നപോലെ സിനിമാ നിര്‍മ്മാണമേഖയലും സ്ത്രീയ്ക്ക് പറ്റിയതാണെന്നും ഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ ഈരംഗത്തേയ്ക്ക് വരുമെന്നാണ് കരുതുന്നതെന്നും പ്രിയ പറയുന്നു.

ഒരു ലോക്കല്‍ കോള്‍ വന്നതോടെ ആല്‍ബി എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രിയയുടെ ആദ്യചിത്രത്തിന്റെ ഇതിവൃത്തം. മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍, നിഷാന്‍, കൈലാഷ്, കൃഷ്ണ, ശ്രീലത, മൃദുല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നകത്.

English summary
Priya Pillai is a new face among film producers, she started a banner named Priya Lakshmi Media Pvt. Ltd, and her first venture is 10.30 AM.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam