ഐ സല്യൂട്ട് യൂ ചേച്ചി! ഉയരെയിലെ പാര്‍വതിയുടെ പ്രകടനത്തിന് അഭിനന്ദനവുമായി പ്രിയാ വാര്യര്‍
നടി പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രം കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷമാണ് പാര്‍വതി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഉയരെ കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.
രാജേഷ് പിളളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്നു കുറിച്ചുകൊണ്ടാണ് പ്രിയ അഭിനന്ദനവുമായി എത്തിയത്.

പാര്‍വതിയെ പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും പ്രിയ പറയുന്നുണ്ട്. ഒപ്പം ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും ആസിഫ് അലിക്കും ടൊവിനോയ്ക്കും നന്ദി പറയുന്നുമുണ്ട് താരം.
ഉയരെയില്‍ പാര്‍വതിയ്‌ക്കൊപ്പം ആസിഫ് അലിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിഥി വേഷത്തിലാണ് ടൊവിനോ തോമസ് ചിത്രത്തില്‍ എത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയില്‍ സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍,ഭഗത് മാനുവല്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications