'ആ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ'; ബ്രോ ഡാഡിയിലെ കല്യാണിയുടെ റോളിനെക്കുറിച്ച് പ്രിയ വാര്യർ
മലയാളത്തിൽ ഇന്ന് യുവനടിമാരിലെ പ്രധാന താരങ്ങളിലൊരാളാണ് പ്രിയ പി വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ ചിത്രത്തിലെ ഒരു കണ്ണിറുക്കൽ സീനിലൂടെ ദേശീയ തലത്തിൽ പ്രശസ്തി നേടി. ഗൂഗിളിൽ അന്ന് പ്രിയ പി വാര്യരെ രാജ്യത്തെ യുവാക്കൾ ഒന്നടങ്കം തിരഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ.
ഒറ്റ രാത്രി കൊണ്ട് താരമായി മാറിയ പ്രിയയ്ക്ക് യഥാർത്ഥത്തിൽ അഡാർ ലൗവിൽ ചെറിയ വേഷമായിരുന്നു. താരം പ്രശസ്തയായതോടെ ചിത്രത്തിലെ നായികാ കഥാപാത്രമായി പ്രിയയെ മാറ്റി. ആദ്യത്തെ നായികയായിരുന്ന പുതുമുഖം നൂറിന് പകരമാണ് പ്രിയ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. അന്ന് ഈ വിഷയം സംബന്ധിച്ച് ചില വിവാദങ്ങളും ഉയർന്നു വന്നിരുന്നു.

എന്നാൽ പ്രിയ വാര്യരെ ആഘോഷിച്ചവർ തന്നെ പിന്നീട് നടിക്കെതിരെ ട്രോളുകളുമായി രംഗത്തെത്തുന്ന കാഴ്ചയും വിനോദ ലോകം കണ്ടു. പ്രിയ ദേശീയ തലത്തിൽ താരമായതോടെ നടിക്കെതിരെ ട്രോൾ പേജുകൾ രംഗത്തു വന്നു. എന്നാൽ ട്രോളുകളും വിമർശനങ്ങളുമൊന്നും പ്രിയ കാര്യമാക്കിയില്ല.
കരിയറിൽ ശ്രദ്ധയൂന്നിയ താരം മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. നടിയുടെ അഡാർ ലൗ തിയറ്ററിൽ വലിയ പരാജയമായിരുന്നു. ചിത്രത്തിന് ശേഷം പ്രിയ ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. പക്ഷെ തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താൻ കാത്തിരിക്കുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ മലയാള സിനിമയിൽ ചെയ്യാനാഗ്രഹിച്ച ഒരു വേഷത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ. മിക്കവാറും എല്ലാ സിനിമകൾ കാണുമ്പോഴും ഈ കഥാപാത്രം ഞാൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ടെന്ന് പ്രിയ പറയുന്നു. നടൻ പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു എന്നും പ്രിയ വ്യക്തമാക്കി.
'ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്. എന്റെ മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. ആ റോൾ കിട്ടിയിരുന്നെങ്കിൽ കലക്കാമായിരുന്നെന്ന്,' പ്രിയ പി വാര്യർ പറഞ്ഞു.

നടി കല്യാണി പ്രിയദർശനാണ് ബ്രോ ഡാഡിയിലെ നായിക വേഷം ചെയ്തത്. മോഹൻലാൻ, പൃഥിരാജ്, കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അരങ്ങേറ്റ ചിത്രമായ അഡാർ ലൗവിൽ ഒപ്പമഭിനയിച്ചവരിൽ കുറച്ചു പേരുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ എന്നും പ്രിയ പറയുന്നു. അഡാർ 'ലൗവിലെ കുറച്ചു പേരുമായി കോൺടാക്ട് ഉണ്ട്. കുറച്ചു പേരുമായി ഇല്ല. എല്ലാവരും അവനവന്റെ കാര്യങ്ങളിൽ തിരക്കിലാണ്,' പ്രിയ പറഞ്ഞു.
Recommended Video

മലയാള ചിത്രം ഇഷ്കിന്റെ തെലുങ്ക് റീമേക്കായ ഇഷ്ക് നോട് എ ലൗ സ്റ്റോറി എന്ന ചിത്രത്തിൽ പ്രിയയാണ് നായികയായെത്തിയത്. മലയാള സിനിമകളിൽ കാണുന്നില്ലെങ്കിലും നടി ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 72 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള പ്രിയ ഫാഷൻ സെൻസേഷനുകൾ സൃഷ്ടിക്കാറുണ്ട്. പ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്.


Click it and Unblock the Notifications