കാഞ്ചീവരം കമ്യൂണിസത്തിനുള്ള വിമര്‍ശനമെന്ന് പ്രിയന്‍
ചെന്നൈ: പ്രായോഗിക കമ്മ്യൂണിസത്തിന്റെ വീഴ്‌ചകളും താളപ്പിഴകളുമാണ് തന്റെ പുതിയ ചിത്രമായ കാഞ്ചീവരത്തിന്റെ പ്രമേയമെന്ന് സംവിധായകന്‍ പ്രിദര്‍ശന്‍. ഇതേസമയം തന്നെ കമ്യൂണിസത്തിനെതിരെയുള്ള പ്രമേയമല്ല തന്റെ ചിത്രമെന്നും പ്രിയന്‍ വ്യക്തമാക്കി.
1920 മുതല്‍ 1948ല്‍ ഗാന്ധിജിയുടെ കൊലപാതകത്തിന്റെ തലേ ദിവസം വരെ നടന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. തന്റെ ജീവിതവുമായി ഏറെ അടുപ്പമുള്ള ചിത്രം ഇതേവരെ എടുത്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യസ്‌തമാണെന്നും പ്രിയന്‍ പറയുന്നു.
പലരും സ്വന്തം താല്‍പര്യത്തിന് വേണ്ടി കമ്യൂണിസത്തിന്റെ മൂല്യങ്ങള്‍ കളഞ്ഞുകുളിയ്‌ക്കുകയാണ്. തൊഴിലാളിപ്രസ്‌താനത്തെയും അതിന്റെ മൂല്യച്യുതിയെയും ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര പ്രശസ്‌തമായ ടൊറന്റോ ചലച്ചിത്രമേളയില്‍ കാഞ്ചീവരത്തിന് പ്രദര്‍ശനാവസരം ലഭിച്ച സന്തോഷം പങ്കിടുകയായിരുന്നു പ്രിയന്‍.
ഈ അംഗീകാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. എന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയവയാണ്. എന്നാല്‍ കാഞ്ചീവരം എന്റെ ഇഷ്ടത്തിനനുസരിച്ച് എടുത്ത ചിത്രമാണ്. എന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം എന്നുകൂടി കാഞ്ചീവരത്തെ വിശേഷിപ്പിക്കാം.
12വര്‍ഷം മുമ്പ് കാഞ്ചീവരത്തിന്റെ തിരക്കഥ തയ്യാറാക്കി വച്ചിരുന്നു. പക്ഷേ ഒരു പരീക്ഷണ ചിത്രം നിര്‍മ്മിക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ മുന്നോട്ടുവന്നില്ല. ഒടുവില്‍ ഈ ദൗത്യം ഞാന്‍തന്നെ ഏറ്റെടുക്കുകയായിരുന്നു- പ്രിയന്‍ പറഞ്ഞു.
പ്രകാശ് രാജും ശ്രേയാ റെഡ്ഡിയും മുഖ്യവേഷത്തിലഭിനയിച്ച കാഞ്ചീവരത്തിന്റെ നിര്‍മ്മാണച്ചെലവ് 1.10 കോടിരൂപയാണ്. ഒരു മണിക്കൂറും 55മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കാഞ്ചീപുരത്തെ കഥയാണ് പറയുന്നതെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ മൈസൂരായിരുന്നു.
ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പ്രിയന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ എഴുപത്തിനാലാമത്തെ ചിത്രമാണ് കാഞ്ചീവരം. ടൊറന്റോ ഫെസ്റ്റിവലില്‍ സെപ്‌റ്റംബര്‍ 12ന് കാഞ്ചീവരം പ്രദര്‍ശിപ്പിക്കും.


Click it and Unblock the Notifications