മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ മികച്ച നാച്ചുറല്‍ ആക്ടര്‍ ഫഹദ്! മനസ് തുറന്ന് പ്രിയദര്‍ശന്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മോളിവുഡില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ ബോളിവുഡിലും തിളങ്ങിയ സംവിധായകനാണ് പ്രിയദര്‍ശന്‍. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പുതുനിര നായകന്മാരില്‍ ഫഹദ് ഫാസിലാണ് മികച്ച നടനെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. വളരെ സ്വാഭാവികമാണ് ഫഹദിന്റെ അഭിനയമെന്ന് സംവിധായകന്‍ പറയുന്നു.

ലളിതമായി ഹാസ്യം അവതരിപ്പിക്കുന്നതിലും ഫഹദിന് വിജയിക്കാന്‍ കഴിയുന്നുണ്ട്. ഒരുപക്ഷേ മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ എറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ഒപ്പം പ്രവര്‍ത്തിക്കണമെന്ന് തനിക്ക് ആഗ്രഹമുളള മറ്റൊരു മികച്ച നടന്‍ പൃഥ്വിരാജാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
യുവനിരയിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അടുത്തുനിന്ന് നീരിക്ഷിക്കുന്നുണ്ട്. ചിലരുടെതൊക്കെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണെന്നും സംവിധായകന്‍ പറഞ്ഞു. മലയാളത്തിലെ പുതുനിര നടന്മാരോടൊപ്പം സിനിമകളുണ്ടാകാത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു; ഈ തലമുറയുടെ അഭിനിവേശങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ താന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു.
വ്യക്തിപരമായി ബോധ്യപ്പെടാത്തതോ തൃപ്തികരമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങള്‍ എഴുതാനോ സ്വീകരിക്കാനോ എനിക്ക് സാധിക്കില്ല. അവരെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തുന്നതിന് എന്റെ ഭാഗത്തുനിന്ന് ഒരു പ്രത്യേക പ്രേരണ വേണ്ടതുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പമോ അക്ഷയ് കുമാറിനൊപ്പമോ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ല. അവരോടൊപ്പം വളരെ കംഫര്‍ട്ടബിളാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് സംവിധായകന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ അഞ്ച് ഭാഷകളിലായിട്ടാണ് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങള്‍ ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ട്രെയിലര്‍ പുറത്തുവിട്ടത്.


Click it and Unblock the Notifications