പെയിന്റിങ് ലൈഫില്‍ പൃഥ്വിയും പ്രിയാമണിയുമില്ല
മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ഡോക്ടര്‍ ബിജു പ്രഖ്യാപിച്ച പെയിന്റിങ് ലൈഫ് എന്ന ചിത്രത്തിന്റെ താരനിരയില്‍ അഴിച്ചുപണി. പൃഥ്വിരാജിനെയും പ്രിയാമണിയുടെയും നായികയും നായകനുമാക്കി ബിജു പ്രഖ്യാപിച്ച ചിത്രം മുമ്പേ തീരുമാനിച്ച പ്രകാരമാണെങ്കില്‍ ഇപ്പോള്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നുമാത്രമല്ല താരനിരയില്‍ സംവിധായകന്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുകയാണ്. പുതിയ വിവരമനുസരിച്ച് ചിത്രത്തില്‍ പൃഥ്വിരാജ് അല്ല നായകന്‍, പ്രിയാമണി നായികയുമല്ല.

പ്രിയാമണിയ്ക്കായി മാറ്റിവച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍പോകുന്നത് അനുമോളാണ്, ചിത്രത്തിലെ നായകസ്ഥാനത്തുനിന്നും പൃഥ്വിരാജിനെ മാറ്റിയിട്ടുണ്ട്. പുതിയ നായകനെ തീരുമാനിച്ചിട്ടില്ല- ബിജു പറയുന്നു.
പൃഥ്വിയുടെയും പ്രിയാമണിയുടെയും ഡേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് ബിജു താരനിരയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഹിമാലയസാനുക്കളിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പൃഥ്വിയുടെയും പ്രിയാമണിയുടെയും ഡേറ്റിനായി കാത്തിരുന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം ചിത്രം അവിടെ ചിത്രീകരിക്കാന്‍ പറ്റാതാവുമെന്നും അതിനാലാണ് അവരെ മാറ്റിയതെന്നും ബിജു വ്യക്തമാക്കി.

വര്‍ഷത്തില്‍ ആറുമാസം മാത്രമേ അവിടെ ഷൂട്ടിങ് നടത്താന്‍ പറ്റൂ. അല്ലാത്ത സമയത്തെല്ലാം കൊടും തണുപ്പാണ്. അനുകൂലമായ കാലാവസ്ഥയ്ക്കനുസരിച്ച് ഷൂട്ടിങ് തീരുമാനിച്ചാല്‍ അപ്പോള്‍ എത്താന്‍ പൃഥ്വിരാജിനും പ്രിയാമണിയ്ക്കും സാധിക്കില്ല- സംവിധായകന്‍ വിശദീകരിക്കുന്നു.
ഇപ്പോള്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടൊരു ചിത്രത്തിന്റെ തിരക്കിലാണ് താനെന്നും അതുകഴിഞ്ഞാലുടന്‍ പെയിന്റിങ് ലൈഫിന്റെ ചിത്രീകരണം തുടങ്ങുമെന്നും ബിജു അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രമേയമായി എത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.


Click it and Unblock the Notifications











