ബോക്‌സിങ് താരം മേരി കോം ആയി പ്രിയങ്ക
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന മേരി കോം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് മേരി കോമായി അഭിനയിക്കുന്നത്. ഒളിംപിക്‌സിലുള്‍പ്പെടെ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മേരിക്കോമായി താന്‍ തന്റെ ഹൃദയവും രക്തവും ആത്മാവും നിങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രിയങ്ക പറഞ്ഞത്.
നന്നേ പരിശ്രമിച്ചാണ് മേരി കോമാകാന്‍ പ്രിയങ്ക തയ്യാറെടുത്തത്. അതിന്റെ ഫലം പോസ്റ്ററില്‍ കാണാനുമുണ്ട്. ഓരോ ദിവസവും മണിക്കൂറുകളോളം വ്യായാമവും പോരാത്തതിന് ഭക്ഷണ നിയന്ത്രണവും മറ്റും ചെയ്ത് ബോഡി ഫിറ്റാക്കിയാണ് പ്രിയങ്ക മേരി കോമായി അഭിനയിച്ചത്. വെറുതേ ഒരു ബോക്‌സറായി അങ്ങ് അഭിനയിച്ചാല്‍ ആരും സ്വീകരിക്കില്ലെന്ന് ബോധമുള്ള പ്രിയങ്ക ഒരു ബോക്‌സറുടേത് പോലെതോന്നിയ്ക്കാന്‍ ശരീരത്തെ നന്നേ പാകപ്പെടുത്തിയിട്ടുണ്ട്.

കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി പ്രിയങ്ക മേരി കോമിന്റെ നാടായ മണിപ്പൂരിലെത്തിയിരുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം വീട്ടമ്മയുടെ റോള്‍ ഭംഗിയായി ചെയ്തുകൊണ്ടുതന്നെ എത്തരത്തില്‍ രാജ്യത്തിന്റെ അഭിമാനതാരമായി മാറി എന്ന കഥയാണ് ചിത്രം പറയുന്നത്. ഓമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സഞ്ജയ് ലീല ബന്‍സാലിയാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയങ്കയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മേരി കോം എന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications