ശ്യാമിലി തലവേദനയല്ല; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിര്‍മാതാവ്
കൊച്ചി: നടി ശാലിനിയുടെ സഹോദരിയും അഭിനേത്രിയുമായ ശ്യാമിലി അഭിനയിച്ച ചിത്രത്തില്‍ പ്രതിഫലം കൂട്ടി ചോദിച്ച് തലവേദനയുണ്ടാക്കിയെന്ന വാര്‍ത്തയ്‌ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തയാണെന്നും ശ്യാമിലി യാതൊരു അസൗകര്യവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫൈസല്‍ ലത്തീഫിന്റെ വിശദീകരണം ഇങ്ങിനെയാണ്, അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം നിങ്ങളറിഞ്ഞിരിക്കുമല്ലോ.

സൗത്തിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ബാലതാരം 'ബേബി ശ്യാമിലി' ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ഈ ചിത്രം, നിങ്ങളോടൊപ്പം ഞങ്ങളും വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. ഈ സമയത്താണു 'നടി ശ്യാമിലി മലയാള സിനിമയ്ക്ക് തലവേദനയാകുന്നു' എന്ന തലക്കെട്ടോടെ ഒരു തെറ്റായവാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായത്. ഈ സിനിമയുടെ നിര്‍മ്മാതാവായ എനിക്കില്ലാത്ത 'തലവേദന' ഇക്കൂട്ടര്‍ക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.
കാരണം നമ്മുടെ പ്രിയ താരങ്ങളായ അബിളി ചേട്ടനേയും(ജഗതി ശ്രീകുമാര്‍), മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓണ്‍ലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടര്‍...! 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ് അസൗകര്യങ്ങളോ നോക്കാതെ ഈ ക്രൂവിനോട് മൊത്തം സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച് ഇത്തരത്തിലൊരു വിവാദം കാണാനും കേള്‍ക്കാനും ഇടയായതില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ വളരേയധികം ഖേദിക്കുന്നു. ഫൈസല്‍ ലത്തീഫ് പറഞ്ഞു.


Click it and Unblock the Notifications











