പ്രമുഖയായ നടി മഞ്ജു വാര്യരാണെന്ന് മാധ്യമങ്ങള്‍ സ്വയമേ കണ്ടെത്തി! അവരങ്ങനെ മൊഴി നൽകിയോ? നിർമാതാവിൻ്റെ കുറിപ്പ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരില്‍ ഒരാളാണ് നടി മഞ്ജു വാര്യര്‍. ഡബ്ല്യൂസിസി യിലെ പ്രമുഖയായ നടി സിനിമാ മേഖലയില്‍ പ്രശ്‌നം നടക്കുന്നില്ലെന്ന് പറഞ്ഞതായിട്ടും ആ നടിയ്ക്ക് മാത്രം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതായിട്ടുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇത് മഞ്ജു വാര്യരാണെന്ന തരത്തില്‍ പ്രചരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയ നിറയെ മഞ്ജുവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഈ ആരോപണങ്ങളില്‍ ചില സംശയം ഉന്നയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോളി ജോസഫ്.

'ബഹു ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ ഒരുപാട് കണ്ടെത്തെലുകളില്‍ ഒരു പ്രമുഖ നടി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി അവര്‍ കൂടി സ്ഥാപകയായ ഡബ്ല്യൂസിസിയില്‍ നിന്നും വിട്ടുപോയെന്നും മലയാള സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് ചൂഷണം നടക്കുന്നില്ല എന്ന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് എല്ലാത്തരം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രമുഖയായ നടി മഞ്ജു വാര്യര്‍ തന്നെയെന്ന് മാധ്യമങ്ങള്‍ സ്വയമേ കണ്ടെത്തുകയും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ ഒരുപാട് ന്യൂസുകള്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട് .
മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ക്ക് വേണ്ടി പോരാടുന്ന ഡബ്ല്യൂസിസി എന്ന സംഘടനയോടും അതിലെ ആദരണീയരായ കലാകാരികളോടുമുള്ള ബഹുമാനം നിലനിര്‍ത്തികൊണ്ട് തന്നെ എനിക്കുള്ള സംശയങ്ങളില്‍ ചിലത് താഴെ കുറിക്കുന്നു.
(1 ) നടിയെ ആക്രമിച്ച കേസില്‍ അപ്പോഴും ഇപ്പോഴും മുന്‍നിരയില്‍ അതിജീവിതക്കൊപ്പം പോരാടുന്ന മഞ്ജു വാര്യര്‍ മലയാള സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് ചൂഷണം നടക്കുന്നില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ടാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
(2 ) നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്ന് മഞ്ജു വാര്യരും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു വാര്യര്‍ രാജി വെച്ചു, അല്ലെങ്കില്‍ അവരെ പിരിച്ചു വിട്ടു എന്ന് ഡബ്ല്യൂസിസിയിലെ ആരെങ്കിലും പറഞ്ഞിട്ടാണോ മാധ്യമങ്ങള്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തിയത്? ഇത്തരം കുപ്രചരണങ്ങള്‍ ആരെ സംരക്ഷിക്കാനായിരുന്നു?
(3 ) ഇന്നലെ വൈകീട്ട് വരെ പല ചാനലുകളിലും ഇന്റര്‍വ്യൂ നല്‍കിയ ചില ഡബ്ല്യൂസിസി അംഗങ്ങള്‍ ( ട്രോള്‍ ചെയ്യപ്പെടുമ്പോള്‍ അനുഭവിക്കുന്ന മാനസിക വ്യഥ കൃത്യമായി അറിയുന്നവര്‍) 'പ്രമുഖയായ' സ്ഥാപക അംഗത്തിനെക്കുറിച്ച് യാതൊന്നും പറയാതെ ഒഴിഞ്ഞു മാറി അവരെ ട്രോള്‍ ചെയ്യപ്പെടാന്‍, പൊതുസമൂഹത്തിന്റെ മുന്‍പില്‍ വിചാരണ ചെയ്യപ്പെടാനുള്ള അവസരം മനഃപൂര്‍വം സൃഷ്ടിച്ചതാണോ?
(4 ) സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യര്‍ക്കെതിരെ ഒരുപാട് മോശം ന്യൂസുകള്‍ പരാമര്‍ശങ്ങള്‍ പ്രചരിക്കുമ്പോഴും ഡബ്ല്യൂസിസിയിലെ ആരും അവയെ തള്ളിപ്പറയുന്നതായി ഞാന്‍ കണ്ടിട്ടില്ല. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് ഇന്നലെ വൈകീട്ട് ' ഇപ്പോഴത്തെയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഡബ്ല്യൂസിസി ശക്തമായി അപലപിച്ചിട്ടുണ്ട്.
മനോരമ ഓണ്‍ലൈന്‍ മൂവി ന്യൂസ് 'അതിജീവിതക്കൊപ്പം ഞങ്ങളുടെ' ഇപ്പോഴത്തെയും 'സ്ഥാപക അംഗം' എന്ന ഡബ്ല്യൂസിസിയുടെ കുറിപ്പ് വാര്‍ത്തയാക്കിയിട്ടുമുണ്ട്...!

അടുത്തത് മഞ്ജു വാര്യര്‍ ഫീല്‍ഡ് ഔട്ട് ആയി എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വേട്ടയന്‍' എന്ന സാക്ഷാല്‍ രജനികാന്ത് സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്ത വര്‍ഷവും ബ്രഹ്‌മാണ്ഡ സിനിമകള്‍ ഉള്‍പ്പടെ കൈനിറയെ കരാറുകളുള്ള കലാകാരിയെയാണ് ഫീല്‍ഡ് ഔട്ട് നടി എന്ന പേരില്‍ കുപ്രചരണങ്ങള്‍ നടക്കുന്നത്.
അതും വിശ്വസിക്കുന്നവരോട് മഹാ കഷ്ടം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് സമയമുണ്ടങ്കില്‍ മനീഷ് നാരായണന്‍ - മഞ്ജു വാര്യര്‍ ഇന്റര്‍വ്യൂ കാണണ്ടത് തന്നെയാണ്.
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി മൂന്നു മുന്‍നിര നായികമാരുടെ സിനിമകള്‍ നാളെ റിലീസ് ചെയ്യപ്പെടുകയാണ്. മഞ്ജുവിന്റെ 'ഫൂട്ടേജ്', ഭാവനയുടെ 'ഹണ്ട്' മീര ജാസ്മിന്റെ 'പാലും പഴവും'. മലയാള സിനിമകളില്‍ സ്ത്രീകള്‍ക്ക് അവസരമില്ല എന്ന് പറയുന്നവര്‍ ആദ്യ ദിവസം തന്നെ സിനിമകള്‍ കണ്ട് വിജയിപ്പിക്കുമല്ലോ...' എന്നും പറഞ്ഞാണ് നിര്‍മാതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications