സിനിമയേയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിച്ചു; യുട്യൂബ് ചാനലിനെതിരെ പരാതിയുമായി നിർമ്മാതാവ്
കഴിഞ്ഞ വെള്ളിയാഴ്ച ആഗോള തലത്തിൽ റിലീസ് ചെയ്ത പൃഥ്വിരാജ് സുകുമാരൻ സിനിമയാണ് വിലായത്ത് ബുദ്ധ. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുന്ന സാഹചര്യത്തിൽ സിനിമയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് നിർമാതാവ് പോലീസിൽ പരാതി നൽകി. സിനിമയെ തകർക്കാൻ ലക്ഷ്യമിട്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ എന്ന യുട്യൂബ് ചാനലിന് എതിരെയാണ് നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകിയത്.
ജി.ആർ ഇന്ദുഗോപന്റെ പ്രശസ്തമായ നോവലാണ് സിനിമയ്ക്ക് ആധാരം. സിനിമ നിർമ്മിച്ചത് സന്ദീപ് സേനനും എവി അനൂപും ചേർന്നാണ്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഉള്ളടക്കം വളച്ചൊടിച്ച് മതങ്ങളേയും രാഷ്ട്രീയ ചിന്താഗതികളേയും അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രസ്തുത വീഡിയോയെന്നും പരാതിയിൽ പറയുന്നു.

ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത് സൈബർ ടെററിസമാണ്. ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേര് തന്നെ കളങ്കപ്പെടുത്താനും ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ എന്ന യുട്യൂബ് ചാനൽ ശ്രമിച്ചു. സിനിമയേയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ ഉള്ളടക്കവും വീഡിയോയിലുണ്ട്.
നായക നടൻ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല രാഷ്ട്രീയ നിലപാടുകൾ മൂലം ചിത്രത്തെ ആളുകൾ തഴഞ്ഞുവെന്നും വീഡിയോയിൽ ആരോപിക്കുന്നു. സിനിമ റിലീസായി നാൽപ്പത്തിയെട്ട് മണിക്കൂർ പിന്നിടും മുമ്പാണ് പ്രസ്തുത വീഡിയോ സോഷ്യൽമീഡിയയിൽ വന്നത്. റിലീസായി നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ എങ്ങനെ സിനിമ പരാജയമാണെന്ന് വിധിക്കും?.
അഞ്ച് വർഷം കൊണ്ട് ഈ സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ ഒരു നിർമ്മാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ നേരിടേണ്ടി വരുന്നത്. കൂടാതെ വീഡിയോ സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിറഞ്ഞതുമാണ്. സിനിമാ മേഖല നേരിടുന്ന ഇത്തരം വെല്ലുവിളികൾക്ക് എതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു സന്ദീപ് സേനൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ എന്ന യുട്യൂബ് ചാനലിന്റെ ഉടമകൾക്ക് എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനൻ നിർമ്മിച്ച സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ.

സിനിമയിൽ പൃഥ്വിരാജിന്റെ നായിക പ്രിയംവദ കൃഷ്ണയാണ്. ഷമ്മി തിലകൻ, സുരാജ് വെഞ്ഞാറമൂട്, അനു മോഹൻ, രാജശ്രീ, ധ്രുവൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനേക്കാൾ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയത് ഷമ്മി തിലകനാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. അന്തരിച്ച സംവിധായകൻ സച്ചിയുടെ ഡ്രീം പ്രോജക്ട് കൂടിയായിരുന്നു വിലായത്ത് ബുദ്ധ.
പ്രിയ സുഹൃത്തിന്റെ ആഗ്രഹ പൂർത്തികരണത്തിന്റെ ഭാഗമായാണ് സച്ചിയുടെ സുഹൃത്തുക്കൾ വിലായത്ത് ബുദ്ധ ഒരുക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ 3.2 കോടിയാണ് വിലായത്ത് ബുദ്ധ മൂന്ന് ദിവസം കൊണ്ട് നേടിയത് എന്നാണ് കണക്കുകകൾ. ഇരുപത്തിമൂന്നാം തിയ്യതി മാത്രം 75 ലക്ഷത്തോളം രൂപ ചിത്രം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട്.
ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് വിലായത്ത് ബുദ്ധയുടെ കഥ പറയുന്നത്. മലയാളത്തിലെ പുഷ്പയെന്നാണ് സിനിമാ പ്രേമികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications











